ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിന് പുറത്ത് നിന്നും സഹായം ലഭിച്ചു; സഹായികളെയും ചോദ്യം ചെയ്യും
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി വിവരം. ദേവസ്വം ബോർഡിലെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ തനിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതായി ശ്രീതു പോലീസിന് മൊഴി നൽകി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പോലീസിന് കൈമാറി.
വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും ശ്രീതുവിന്റെ സഹായികളെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷൻ ഓഫീസർ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്
ഒരു വർഷം മുമ്പ് ഷിജുവിന് ഉത്തരവ് കൈമാറിയിരുന്നു. 28,000 രൂപ ശമ്പളം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഔദ്യോഗിക ഡ്രൈവർ എന്നാണ് നിയമനത്തെ കുറിച്ച് പറഞ്ഞത്. ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ കാറുമായി എത്താനായിരുന്നു നിർദേശിച്ചിരുന്നത്. ഇവിടെ വെച്ച് ശ്രീതു കാറിൽ കയറും. എന്നാൽ ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫീസിൽ കയറ്റിയിരുന്നില്ല
വേതനത്തിൽ കുടിശ്ശിക വന്നപ്പോൾ ഒരു ലക്ഷം രൂപ ഒന്നിച്ച് നൽകി. കുഞ്ഞ് മരിച്ച വാർത്ത വന്നപ്പോഴാണ് ഷിജുവിന് ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായത്. ശ്രീതുവിനെതിരെ പരാതിപ്പെട്ടവരിൽ ഭൂരിഭാഗം പേരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പത്ത് പേരാണ് പരാതി നൽകിയത്.