റമദാന്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ആദ്യദിനത്തില്‍ വ്രത സമയം 13 മണിക്കൂര്‍ വരെ
ദുബൈ: പരിശുദ്ധ റമദാന്‍ മാസം ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കവേ ആദ്യ റമദാന്‍ ദിനത്തില്‍ 13 മണിക്കൂര്‍ വരെയാവും വ്രത സമയം എന്ന് റിപ്പോര്‍ട്ട്. 12 മണിക്കൂറും 58 മിനുട്ടുമാവും ആദ്യദിനത്തില്‍ ഓരോ വിശ്വാസിയുടെയും യുഎഇയിലെ വ്രത സമയം. റമദാന്‍ 11 ആവുമ്പോഴേക്കും വ്രത സമയം 13 മണിക്കൂറും 13 മിനിറ്റുമായി വര്‍ദ്ധിക്കും
രാവിലെ 5.16 ഉദയവും 6.29ന് അസ്തമനവും വരുന്നതിനാലാണിത്. റമദാന്റെ അവസാന ദിനത്തില്‍ വ്രതത്തിന്റെ ദൈര്‍ഘ്യം വീണ്ടും വര്‍ദ്ധിക്കും 13 മണിക്കൂര്‍ 41 മിനിട്ടുമായിരിക്കും സമയം. അതേസമയം 2024മായി താരതമ്യപ്പെടുത്തുമ്പോള്‍ വ്രത സമയത്തില്‍ കുറവാണ് ഉണ്ടാവുക. കഴിഞ്ഞവര്‍ഷം റമദാനില്‍ 14 മണിക്കൂര്‍ വരെയായിരുന്നു ഓരോ വിശ്വാസിയും വ്രതം അനുഷ്ഠിക്കേണ്ടിയിരുന്നത്.
റമദാന്‍ പ്രമാണിച്ച് യുഎഇയില്‍ ജോലി സമയങ്ങളിലും വിദ്യാലയങ്ങളിലെ സമയങ്ങളിലും എല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവും. ഇതിനനുസരിച്ച് ജനങ്ങളുടെ ജീവിതചര്യകളും പാടെ മാറും. ഓഫീസുകളില്‍ സമയക്രമം കുറയും. വിദ്യാലയങ്ങള്‍ പ്രവര്‍ത്തി സമയം രണ്ടു മണിക്കൂര്‍ കുറക്കും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ജോലിസമയം ലഘൂകരിക്കപ്പെടും. വിദ്യാലയങ്ങള്‍ പലതും മിഡ് ടേം ബ്രേക്ക് കഴിഞ്ഞ് തുറക്കുന്ന അവസരത്തിലേക്കാണ് റമദാന്‍ എത്തുന്നത്. റമദാന്‍ മാര്‍ച്ച് മാസത്തില്‍ ആയതിനാല്‍, ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇത് പരീക്ഷാകാലം കൂടിയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക മാര്‍ച്ച് മാസത്തിലാണ്. റമദാന്‍ പ്രമാണിച്ച് മറ്റു ചില സ്‌കൂളുകള്‍ പരീക്ഷകള്‍ മാറ്റിവെക്കുകയോ, റദ്ദ് ചെയ്യുകയോ ചെയ്തിട്ടുമുണ്ട്.