ചിലര്‍ നിരന്തരം ശല്യപ്പെടുത്തി; പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല: യുവതി ജീവനൊടുക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ യുവതി ജീവനൊടുക്കി. വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
പ്രവീണയെ ചിലര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കുടുംബം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ ആരോപിച്ചു.
തന്റെ സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാക്കി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില നാട്ടുകാരും ബന്ധുക്കളുമാണ്. മാനസികമായി തളര്‍ന്ന നിലയിലായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണിലേക്ക് ഒരാള്‍ മോശം സന്ദേശം അയച്ചുവെന്നും പ്രവീണയുടെ സഹോദരന്‍ പറഞ്ഞു.
ബൈക്കിലെത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടതായും സഹോദരന്‍ ആരോപിച്ചു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.