Novel

തണൽ തേടി: ഭാഗം 28

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അമ്മ എല്ലാം വിളമ്പി വച്ചു. ഇനി കഴിച്ചില്ലെങ്കിൽ അത് വിഷമം ആവില്ലേ..?

അവൾ ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു

“മ്മ്മ്…. ഞാൻ വരാം താൻ ചെല്ല്

അനുസരണയോടെ അവൾ അകത്തേക്ക് നടന്നു..

ജീൻസൂരി ഒരു കാവി കൈലിയും എടുത്ത് അതിനുപുറമേ ഒരു ടീഷർട്ടും എടുത്തിട്ട് അവനും പുറത്തേക്കു വന്നു.

അവൻ ചെല്ലുമ്പോൾ അമ്മച്ചി മാത്രമേ ഊണ് മുറിയിലുള്ളു

അവൻ കസേരയിലേക്ക് ഇരുന്നപ്പോൾ അവർ പ്ലേറ്റ് എടുത്ത് അവന് വിളമ്പി…

അവന്റെ അരികിലായി മറ്റൊരു പ്ലേറ്റ് കൂടി വച്ചപ്പോൾ അവളെയാണ് അമ്മച്ചി ഉദ്ദേശിച്ചത് എന്ന് സെബാസ്റ്റ്യന് മനസ്സിലായി…

” ലക്ഷ്മി….

അവൻ ഉറക്കെ വിളിച്ചപ്പോൾ അവൾ അകത്തു നിന്നും ഇറങ്ങി വന്നിരുന്നു…

കഴിക്കാൻ അവൻ പറഞ്ഞപ്പോൾ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.. അവളെ നോക്കുക പോലും ചെയ്യാതെ അവർ അപ്പോഴേക്കും ചോറ് വിളമ്പിയിരുന്നു. ചോറും സാമ്പാറും മത്തി വറുത്തതും ഓമയ്ക്ക തോരനും ആയിരുന്നു.

ഭക്ഷണത്തെ നിന്ദിക്കാൻ അവൾക്ക് തോന്നിയില്ല. അവൾ അവന്റെ അരികിലായി ഇരുന്നു..

” എങ്ങനെയാഡാ കാര്യങ്ങൾ..?..

കഴിക്കുന്നതിനിടയിൽ സാലി ചോദിച്ചു

” എന്ത് കാര്യം?

അവൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

” ഇപ്പോ തങ്കച്ചൻ ഒക്കെ വന്നു പറഞ്ഞില്ലേ ആ കാര്യം എങ്ങനെയാണെന്ന്.?

” ആ കാര്യത്തെപ്പറ്റി ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തുമ്പോൾ അറിയിക്കാം

അവനത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവർ അകത്തേക്ക് പോയിരുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ രണ്ടുപേരുടെയും പ്ലേറ്റ് എടുത്തുകൊണ്ടാണ് ലക്ഷ്മി അടുക്കളയിലേക്ക് പോയത്.

” അതവിടെ വെച്ചേക്ക്

അവളുടെ മുഖത്തേക്ക് നോക്കാതെ അവർ പറഞ്ഞപ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയില്ല.

പ്ലേറ്റ് രണ്ടും അവിടേക്ക് വച്ച് അവൾ കൈകഴുകി.ലക്ഷ്മി സിനിയുടെ മുറിയിലേക്ക് ചെന്നു. സിനി എത്തിയിട്ടില്ല.

” അതുകൊണ്ടു തന്നെ വലിയ മടുപ്പ് ആയിരിക്കുമെന്ന് അവൾക്ക് തോന്നി. സിമി പിന്നെ ഇതുവരെ തന്നോട് ഒന്നും സംസാരിച്ചിട്ടില്ല…

അമ്മച്ചിയുടെ സ്വഭാവമാണ് സിനീക്ക് എന്ന് അവൾക്ക് തോന്നി…

” ചാച്ചൻ എന്തിയേ?

അടുക്കളയിലേക്ക് വന്ന് സെബാസ്റ്റ്യൻ ചോദിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു..

” എനിക്കറിയാൻ മേല എങ്ങാണ്ട് ഇറങ്ങിപ്പോയി, അല്ലെങ്കിലും ഇവിടെയുള്ളവർ പോകുന്നതും വരുന്നതും എന്നോട് പറഞ്ഞിട്ടാണോ.?

തന്നോടുള്ള ദേഷ്യം കൂടി അവരുടെ വാക്കുകളിൽ കലർന്നിട്ടുണ്ടെന്ന് തോന്നിയതോടെ ഒന്നും മിണ്ടാതെ മുറിയിലേക്ക് ചെന്നു സെബാസ്റ്റ്യൻ. കുറച്ച് സമയങ്ങൾക്ക് ശേഷം സിനി വന്നതോടെ ലക്ഷ്മിക്ക് ആശ്വാസമായി.

അവൾ വന്നതിനു ശേഷമാണ് ഒന്ന് കുളിക്കാൻ പോലും ലക്ഷ്മി പോയത്… ലക്ഷ്മി വീട്ടിലുള്ളത് കൊണ്ട് തന്നെ വീട്ടിൽ നിന്നും സെബാസ്റ്റ്യനും പുറത്തേക്ക് പോയിരുന്നില്ല.

അവൻ ഹാളിൽ ഇരുന്ന് ടിവി കാണുന്ന ശബ്ദം കേൾക്കാം. അവനവിടെ ഉള്ളതുകൊണ്ടു തന്നെ അവളും അവിടേക്ക് പോയില്ല.. മുറിയിൽ തന്നെ ഇരിപ്പായിരുന്നു ലക്ഷ്മി.

പെട്ടതാണ് മുറിയിലേക്ക് സാലി കയറിവന്നത്.. അവരെ കണ്ടതും അവൾ ഒന്ന് പകച്ചു.

“എന്നതാ അമ്മച്ചി

സിനി ചോദിച്ചപ്പോൾ അവർ സിനിയേ അവിടുന്ന് ഒഴിവാക്കാനായി പറഞ്ഞു

” നീ പോയി കുറച്ച് കട്ടൻ കാപ്പി ഇട്ടേ മണി 5 ആകാൻ പോകുന്നു..

സിനി അടുക്കളയിലേക്ക് പോയ സമയത്ത് ലക്ഷ്മിയുടെ അരികിലേക്ക് സാലി വന്നു..

അവൾക്ക് ഭയം തോന്നി വഴക്ക് പറയാനാവുമോ എന്ന് അവൾ ഓർത്തു..

” ദേ കൊച്ചെ വീട്ടുകാരെയും ബന്ധുക്കാരെയും ഒന്നും അറിയിക്കാതെ നിങ്ങൾ സ്നേഹിച്ചു. നീ ഇറങ്ങി വന്നപ്പോൾ അവൻ നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നു. ഏതായാലും എന്റെ ചെറുക്കനെ വിശ്വസിച്ച് കേറി വന്ന പെൺകൊച്ച് ഞാനായിട്ട് നിന്നെ ഇറക്കിവിടാൻ പോകുന്നില്ല. പക്ഷേ കല്യാണം കഴിക്കാതെ ഇങ്ങനെ ഇവിടെ നിൽക്കാൻ ഒന്നും പറ്റില്ല. ഇവിടെ ഒരു പെൺകൊച്ച് ഉള്ളത് ആണ്. നാളെ നാട്ടുകാര് അതും ഇതും ഒക്കെ പറയും… പിന്നെ ഞങ്ങൾ ഈ പള്ളിക്കാരുടെ ഒക്കെ സഹായം കൊണ്ട് ജീവിച്ചു പോകുന്നവര് ആണ്. അവരെ പിണക്കാനും പറ്റില്ല. അവനെ സ്നേഹിച്ചപ്പോൾ നിനക്ക് അറിയരുന്നല്ലോ എന്താണെങ്കിലും അവന്റെ കൂടെ ജീവിക്കണമെങ്കിൽ നിന്റെ വീട്ടുകാരെയും ബന്ധുക്കാരെയും മതക്കാരെയൊക്കെയും ഉപേക്ഷിച്ചു വരണം എന്ന്. അതുകൊണ്ട് നിനക്ക് ഞങ്ങളുടെ ജാതിയിലോട്ട് ചേരാൻ പറ്റുമെങ്കിൽ ഈ കല്യാണം എങ്ങനെയെങ്കിലും എല്ലാവരും കൂടി നടത്തി തരും. എന്റെ ചെറുക്കന്റെ കല്യാണം പള്ളിയിൽ വച്ച് നടക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനോട് പറ പെട്ടെന്ന് കല്യാണം നടത്താൻ… ഇപ്പത്തന്നെ നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി.. നാണക്കേടാ..

അതും പറഞ്ഞ് അവർ അകത്തേക്ക് പോയപ്പോൾ മറുപടിയില്ലാതിരുന്നു പോയിരുന്നു അവൾ.

സെബാസ്റ്റ്യനോട്‌ തീരുമാനത്തെക്കുറിച്ച് ചോദിക്കാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങിയപ്പോൾ ശിവനും സെബാസ്റ്റ്യനും കൂടി തിണ്ണയിൽ ഇരുന്ന് സംസാരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് പോകേണ്ട എന്ന് കരുതി തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് അവരുടെ സംസാരത്തിന് അവൾ ചെവി ഓർത്തത്…

” നിന്റെ തീരുമാനം എന്താ സെബാനെ? ഞാൻ രാവിലെ പറഞ്ഞതുപോലെ നീ ആ പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് അല്ലേ നല്ലത്.? അല്ലെങ്കിലും നിനക്കിനി നല്ലൊരു കല്യാണാലോചന വരുമോ.? ഒരു പെൺകൊച്ച് ഇറങ്ങി വന്നിട്ട് തിരിച്ചു പോയി എന്ന് പറഞ്ഞാൽ ഈ നാട്ടിൽ നിന്ന് നിനക്കൊരു പെണ്ണ് കിട്ടുമോ.?

” എനിക്ക് പെണ്ണ് കിട്ടുന്നത് ഒക്കെ അവിടെ നിൽക്കട്ടെ… എനിക്ക് പെണ്ണ് കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പെണ്ണ് ഉണ്ടേല്ലെ ജീവിക്കാൻ പറ്റുമെന്ന് നിർബന്ധമൊന്നുമില്ലല്ലോ… ആ പെൺകൊച്ചിനും ചില സ്വപ്നങ്ങൾ ഒക്കെ കാണില്ലേ..? ആ സ്വപ്നങ്ങളിൽ എന്നെ പോലെയുള്ള ഒരുത്തൻ ആയിരിക്കുമോ.? നല്ല പഠിപ്പും വിദ്യാഭ്യാസവും ഒക്കെയുള്ള കൊച്ചു, എന്നെപ്പോലെ ഒരു ഡ്രൈവറുടെ കൂടെ ജീവിതം കഴിക്കാൻ അതിന് താല്പര്യമാണോ.?

സെബാസ്റ്റ്യൻ ചോദിച്ചു

” എടാ പോലീസ് സ്റ്റേഷനിൽ എഴുതി വെച്ചിരിക്കുകയാ. ഇത് കുഞ്ഞ് കളി അല്ല. ഒരു മൂന്നാലഞ്ച് ദിവസം കഴിയുമ്പോൾ അവന്മാര് വന്നു തിരക്കും. കല്യാണം കഴിഞ്ഞിട്ടില്ല എന്നറിഞ്ഞാൽ നീ അകത്തു പോകും, അവൾ അവളുടെ വീട്ടിലേക്കും. പിന്നെ കളി മാറും. പീഡനം ഒക്കെ ആയിട്ടെ കേസ് വരത്തുള്ളൂ..

” അങ്ങനെ ഒന്നും പറയത്തില്ല അവള് എന്റെ കൂടെയേ നിൽക്കത്തുള്ളൂ…

സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി അവന് തന്നെ വിശ്വാസം ഉണ്ടല്ലോ..

” എടാ എന്നാലും അവർക്ക് ആണ് കൂടുതൽ സ്വാധീനം. നിന്നെ അകത്താക്കണമെന്ന് അയാള് തീരുമാനിച്ചാൽ ഇത് മാത്രം മതി ഇപ്പോൾ. അവിടുന്ന് എഴുതിവെച്ചിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞതേയുള്ളൂ ഒരാഴ്ചക്കുള്ളിൽ കല്യാണം ഉണ്ടാവുമെന്ന അവിടെ എഴുതിവച്ചത്… അതേപോലെ നടന്നില്ലെങ്കിൽ എന്താണെങ്കിലും ചെക്കിങ് ഉണ്ടാവും. എന്താണെങ്കിലും സെബാസ്റ്റ്യ ഇത് തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യം ആണ്.. നിനക്ക് ആ പെൺകൊച്ചിനെ കല്യാണം കഴിക്കാൻ ഉദ്ദേശമില്ലെങ്കിൽ അതിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്ന് എല്ലാം പറയിപ്പിച്ച തിരിച്ചു വീട്ടിൽ കൊണ്ടുവിടാൻ നോക്ക്. അല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ നീ അവളെ അങ്ങ് കെട്ട്.! അവൾക്കും ഒരു ജീവിതമാകും, നിനക്ക് അവളെ ഇഷ്ടമല്ലേ..?

ശിവൻ ചോദിച്ചപ്പോൾ ലക്ഷ്മി അവന്റെ മറുപടിക്ക് വേണ്ടി കാതോർത്തു……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!