തീയതികളിലെ പിഴവ്: മുകേഷിനെതിരായി സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി, തിരുത്തി നൽകാൻ നിർദേശം
തീയതികളിലുണ്ടായ പിഴവിനെ തുടർന്ന് എം മുകേഷ് എംഎൽഎക്ക് എതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നൽകാൻ നിർദേശം നൽകിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസടുത്തത് മരട് പോലീസാണ്.
മുകേഷിന്റെ കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആർക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോൾ ആലോചിക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.