അത് അത്ര വലിയ അപകടമൊന്നുമല്ല; കുംഭമേള ദുരന്തത്തെ നിസാരവത്കരിച്ച് ബിജെപി എംപി ഹേമമാലിനി
മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തെ കുറിച്ച് ബിജെപി എംപി ഹേമമാലിനി നടത്തിയ പരാമർശം വിവാദമാകുന്നു. അത് അത്ര വലിയ അപകടമൊന്നുമല്ലെന്നാണ് ഹേമമാലിനി പറഞ്ഞത്. അപകടത്തിൽ മരിച്ചവരുടെ യഥാർഥ കണക്കുകൾ യുപി സർക്കാർ മറച്ചുവെക്കുകയാണെന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ
തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി. ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അപകടം നടന്നു, അത് പക്ഷേ അത്ര വലുതായിരുന്നില്ല. അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും ഹേമമാലിനി പറഞ്ഞു. മൃതദേഹങ്ങൾ ജെസിബികളിലും ട്രാക്ടറുകളിലും നിറച്ച് എവിടേക്കാണ് കൊണ്ടുപോയതെന്ന് ആർക്കും അറിയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു
30 പേർ മരിച്ചതായും 60 പേർക്ക് പരുക്കേറ്റതായുമാണ് യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ഇതിലും എത്രോ അധികമാണ് മരണസംഖ്യയെന്നും സർക്കാർ ഇത് മറച്ചുവെക്കുകയാണെന്നും ലോക്സഭയിൽ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.