പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ
കോഴിക്കോട്: മുക്കത്ത് ഹോട്ടലിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശിക്കാണ് അതിക്രമം ഉണ്ടായത്. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവതി ഫോണിൽ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവം. ഈ സമയത്ത് ക്യാമറ ഓൺ ചെയ്ത നിലയിലായിരുന്നു. അതുകൊണ്ട് വീഡിയോ റെക്കോർഡായി.
വീഡിയോയിൽ യുവതി നിലവിളിക്കുന്നതും ‘എന്നെ ഒന്നും ചെയ്യല്ലേ, വിടൂ’ എന്ന് പറയുന്നതും കേൾക്കാം. ‘പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും’ എന്ന് ഹോട്ടല്‍ ഉടമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതിനു പിന്നാലെയാണ് യുവതി കെട്ടിടത്തിൽനിന്നു താഴേക്ക് ചാടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഹോട്ടൽ കെട്ടിടത്തിൽനിന്നും യുവതി താഴേക്ക് ചാടിയത്.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ കേസെടുത്ത മുക്കം പോലീസ് ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് പ്രതിചേർത്തിരുന്നു. ഇവർ ഇപ്പോൾ ഒളിവിലാണ്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വീഴ്ചയിൽ യുവതിയുടെ നട്ടെല്ലിനു പരിക്കേറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു ചാടുകയായിരുന്നുവെന്ന് പോലീസിനു യുവതി മൊഴി നൽകിയിട്ടുണ്ട്