പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കാരണം ?
മുംബൈ: രോഗിയായ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇരുപതുകാരന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർഥിയായ പ്രതിയുടെ ചെറുപ്പവും കൊടും കുറ്റവാളിയാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചു.
പ്രതിയായ തേജസ് ശ്യാംസുന്ദർ ഷിൻഡെക്കെതിരേ, കല്യാൺ ഡോംബിവ്ലി (ഈസ്റ്റ്) തിലക് നഗർ പൊലീസ് സ്റ്റേഷനിലാണ് കൊലപാതകക്കുറ്റത്തിന് കേസെടുത്തത്. രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ ഗൗരവം കോടതി അംഗീകരിച്ചെങ്കിലും സംഭവത്തിലേക്ക് നയിച്ച സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയായ ഷിൻഡെക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മികച്ച അക്കാഡമിക് റെക്കോർഡ് ഉണ്ടായിരുന്നു.
കടുത്ത മദ്യപാനിയായ പിതാവ് വൃക്കരോഗം മൂലം കിടപ്പിലായപ്പോൾ അമ്മയാണ് മകന്റെ വിദ്യാഭ്യാസത്തിന് വേണ്ട ചെലവുകൾ എല്ലാം എടുത്തിരുന്നത്. 2023 ഫെബ്രുവരി 22 ന്, ഇര കുറിപ്പടിയില്ലാത്ത മരുന്ന് കഴിച്ചതിനെ ചൊല്ലി അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായി. അമ്മയെയും മകനെയും പലപ്പോഴും അസഭ്യം പറയുന്ന ശീലമുണ്ടായിരുന്ന പിതാവ്, മകനെ പരിഹസിക്കുകയും അസഭ്യം പറയുകയും തുടർന്നു. രോഷാകുലനായ ഷിൻഡെ ആദ്യം തന്റെ പിതാവിനെ ഒരു വടി കൊണ്ട് അടിക്കുകയും വീണ്ടും അധിക്ഷേപിക്കുന്നത് തുടർന്നപ്പോൾ അടുക്കളയിലെ കത്തികൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി വീട് പൂട്ടി അയൽവാസിയിൽ നിന്ന് 100 രൂപ കടം വാങ്ങി പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
അതേസമയം, സർക്കാർ അഭിഭാഷകൻ മഹാലക്ഷ്മി ഗണപതി ജാമ്യാപേക്ഷയെ എതിർത്തു. കൊലപാതകം, പെട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്നും ആസൂത്രിതമാണെന്നും വാദിച്ചു. ഷിൻഡെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൂർണ ബോധവാനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, പ്രതിഭാഗം അഭിഭാഷകൻ അരുണ പൈ പ്രതിയുടെ ക്ലീൻ റെക്കോർഡും അക്കാഡമിക് നേട്ടങ്ങളും ഉയർത്തിക്കാട്ടി, സംഭവം ആസൂത്രിതമല്ലെന്നും അസഹനീയമായ വാക്കേറ്റത്തിന്റെ ഫലമാണെന്നും വാദിച്ചു. നീണ്ടുകിടക്കുന്ന ജയിൽവാസത്തേക്കാൾ പുനരധിവാസത്തിന് മുൻഗണന നൽകണമെന്ന് അവർ കോടതിയോട് അഭ്യർത്ഥിച്ചു.
ഒടുവിൽ ജസ്റ്റിസ് മിലിന്ദ് ജാദവ് അപേക്ഷകൻ തന്റെ പ്രായപൂർത്തിയായ ജീവിതത്തിന്റെ ഘട്ടത്തിൽ ആണെന്നും ഈ ഘട്ടത്തിൽ അവന്റെ വിദ്യാഭ്യാസം നിർത്തുന്നത് കുറ്റകൃത്യങ്ങളുടെ ദുഷിച്ച ചക്രത്തിൽ കുടുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്നും നിരീക്ഷിച്ചു. ഷിൻഡെ ഒളിച്ചോടാൻ ശ്രമിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. തുടർന്ന് 25,000 രൂപയുടെ ബോണ്ടിൽ കോടതി ജാമ്യം അനുവദിച്ചു.