സഞ്ജുവിന് ഐപിഎല്ലും നഷ്ടമാകുമോ; രാജസ്ഥാന്‍ റോയല്‍സ് എന്തു ചെയ്യും: ടീമിന് പരീക്ഷിക്കാവുന്ന ബാക്കപ്പ് പ്ലാനുകൾ
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പരിക്കേറ്റത്. രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് താരത്തിന്റെ കൈവിരലില്‍ കൊണ്ടാണ് പരിക്കേറ്റത്. കൈവിരലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറാഴ്ചയോളം സഞ്ജുവിന് വിശ്രമം അനിവാര്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ രഞ്ജി ട്രോഫിയില്‍ സഞ്ജു കേരളത്തിന് വേണ്ടി കളിക്കില്ലെന്ന് വ്യക്തമായി. ഐപിഎല്ലിലൂടെ സഞ്ജു കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന് ഐപിഎല്ലിലെ തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെങ്കിലും, ഇത് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഒരു മത്സരത്തില്‍ നിന്ന് വിട്ടുനിന്നാലും അത് ടീമിന് കനത്ത തിരിച്ചടിയാകുമെന്ന് തീര്‍ച്ച. എന്നാല്‍ സഞ്ജുവിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരീക്ഷിക്കാവുന്ന ചില താരങ്ങള്‍ ടീമിലുണ്ട്. ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
നിതീഷ് റാണ
രാജസ്ഥാന്‍ റോയല്‍സ് ഈ വര്‍ഷം ടീമിലെത്തിച്ച താരമാണ് നിതീഷ് റാണ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു താരം
റിയാന്‍ പരാഗ്
ആഭ്യന്തര ക്രിക്കറ്റില്‍ അസമിനെ നയിച്ച് പരിചമയുള്ള റിയാന്‍ പരാഗും ടീമിലുണ്ട്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സ് ടീമിലുള്ള പരാഗ് ഒരു ക്യാപ്റ്റന്‍സി ഓപ്ഷനാണ്
യശ്വസി ജയ്‌സ്വാള്‍
സഞ്ജു സാംസണിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമാണ് യശ്വസി ജയ്‌സ്വാളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിക്ക് മൂലം സഞ്ജു കളിച്ചില്ലെങ്കില്‍ ജയ്‌സ്വാളിനും നറുക്ക് വീണേക്കാം.
സഞ്ജു കളിച്ചില്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന് പകരക്കാരെ ടീമിലെത്തിക്കേണ്ടി വരും. അത്തരം ഓപ്ഷനുകള്‍ പരിശോധിക്കാം.
മയങ്ക് അഗര്‍വാളാണ് ഒരു താരം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച് പരിചയമുള്ള മയങ്ക് ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച ഫോമിലാണ്. ഐപിഎല്‍ താരലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. സഞ്ജുവിന് പകരം മയങ്കിനെ ടീമിലെത്തിക്കാന്‍ റോയല്‍സിന് സാധിക്കും.
സര്‍ഫറാസ് ഖാനാണ് മറ്റൊരു ഓപ്ഷന്‍. ഐപിഎല്‍ കളിച്ച് പരിചയമുള്ള സര്‍ഫറാസും ഇത്തവണ അണ്‍സോള്‍ഡായിരുന്നു. സര്‍ഫറാസിനെയും റോയല്‍സിന് പരീക്ഷിക്കാവുന്നതാണ്. പൃഥി ഷായെയും പരിഗണിക്കാവുന്നതാണ്. വിദേശ താരങ്ങളില്‍ മാത്യു ഷോര്‍ട്ട്, ഷായ് ഹോപ് തുടങ്ങിയവര്‍ നല്ല ഓപ്ഷനുകളാണ്.
അഭ്യൂഹങ്ങള്‍ ഒരു വശത്ത് പ്രചരിക്കുന്നുണ്ടെങ്കിലും, സഞ്ജു ഐപിഎല്‍ കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പരിക്ക് ഭേദമായതിന് ശേഷം താരം പരിശീലനം പുനഃരാരംഭിക്കും. നാഷണല്‍ ക്രിക്കറ്റ് അനുമതിയോടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.