അയൽവാസിയായ പുഷ്പയെ കൊല്ലാതെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി ചെന്താമര
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും കോടതിയിൽ ഹാജരാക്കുക. ഇന്ന് ഉച്ച വരെയാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ഇന്നലെ കൃത്യം നടത്തിയ പോത്തുണ്ടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ അയൽവാസിയായ പുഷ്പ ആണെന്നാണ് ചെന്താമര മൊഴി നൽകിയത്. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ പരാതി നൽകിയവരിൽ പുഷ്പ ഉണ്ടെന്നും ചെന്താമര പോലീസിനോട് പറഞ്ഞു
ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടെന്നും ഇയാൾ പറഞ്ഞു. ഇന്നലെ കനത്ത സുരക്ഷയിലാണ് ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നും തെളിവെടുപ്പ് തുടരും. കൊല നടത്തിയതും ഒളിവിൽ പോയതുമായ കാര്യങ്ങൾ ഒരു കൂസലുമില്ലാതെയാണ് പോലീസിനോട് ചെന്താമര വിവരിച്ചത്.