എന്താണ് രോഹിതിൻ്റെ ഫ്യൂച്ചർ പ്ലാൻ?; ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണം: ബിസിസിഐ
രോഹിത് ശർമ്മയുടെ ഭാവി പരിപാടികൾ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണമെന്ന് ബിസിസിഐ. ടൂർണമെൻ്റ് അവസാനിക്കുമ്പോൾ തന്നെ ഭാവി പരിപാടികളെന്താണെന്നറിയിക്കണമെന്ന് ബിസിസിഐ രോഹിതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകനായ രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചിരുന്നു.
ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം 2027 ഏകദിന ലോകകപ്പിന് വേണ്ടി ടീം രൂപപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ദീർഘകാലത്തേക്ക് ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. രോഹിതിൻ്റെ ടെസ്റ്റ് കരിയർ ബോർഡർ – ഗവാസ്കർ ട്രോഫിയോടെ ഏറെക്കുറെ അവസാനിച്ചിരുന്നു.
രോഹിത് ശർമ്മ വിരമിച്ചതോടെ ടി20യിൽ സൂര്യകുമാർ യാദവിനെ സ്ഥിരം ക്യാപ്റ്റനാക്കിയിരുന്നു. ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്കാണ് സാധ്യത. അതേസമയം, ഫാസ്റ്റ് ബൗളറായതിനാൽ ബുംറയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത അധികമാണ്. അതുകൊണ്ട് തന്നെ യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് എന്നിവരെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ആണ് പരിഗണനയിലുള്ളത്. ഹാർദിക് പാണ്ഡ്യയ്ക്കും സാധ്യതയുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനങ്ങൾ കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. മാർച്ച് 9ന് ടൂർണമെൻ്റ് അവസാനിക്കും
രോഹിത് ശർമ്മയ്ക്കൊപ്പം സീനിയർ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയും ചോദ്യചിഹ്നമാണ്. എന്നാൽ, കോലിക്ക് ബിസിസിഐ കുറച്ചുകൂടി സമയം നൽകിയേക്കും. നിലവിൽ കോലിയുടെ സ്ഥാനത്തിന് ടീമിൽ ഇളക്കം തട്ടിയിട്ടില്ലെന്നാണ് വിവരം. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനമാവും നിർണായകമാവുക.