ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും പിടിച്ചെടുക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം നാഗ്പൂരിൽ
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. നാഗ്പൂരിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. ടി20 പരമ്പരയിൽ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്.
അതേസമയം ടി20 പരമ്പരയിലെ തോൽവിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോ റൂട്ടിന്റെ മടങ്ങിവരവ് ഇംഗ്ലണ്ടിന് കരുത്തേകും. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ജോ റൂട്ട്. ടി20 പരമ്പരയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റമില്ലാതെ പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്‌സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവൻ
അതേസമയം ആരെയൊക്കെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ കളിപ്പിക്കണോ അതോ റിഷഭ് പന്തിനെ കൊണ്ടുവരണോ എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തി ടീമിലുൾപ്പെട്ടേക്കും.