ക്ഷേമ പെൻഷൻ വർധനവ്, വയനാട് പുനരധിവാസം: ഏറെ പ്രതീക്ഷകളുമായി സംസ്ഥാന ബജറ്റ് നാളെ
![](https://metrojournalonline.com/wp-content/uploads/2024/08/balagopal-780x470.webp)
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖം, ക്ഷേമപെൻഷൻ വർധനവ് തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ 2500 ആക്കി ഉയർത്തുമെന്ന വാഗ്ദാനത്തോടെയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അവസാന സമ്പൂർണ ബജറ്റിലെങ്കിലും പെൻഷൻ വർധനവുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ 100, അല്ലെങ്കിൽ 200 രൂപയുടെ വർധനവെങ്കിലും ക്ഷേമ പെൻഷനിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി റോഡുകളിലെ ടോൾ പിരിവ് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിലുണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്.
പ്രളയം, കിഫ്ബി മുതൽ റോഡ് സുരക്ഷാ സെസ് അടക്കം ആറ് സെസുകൾ ഇപ്പോൾ പിരിക്കുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ സെസ് വരുമോ എന്നതും പ്രധാനമാണ്. വൻകിട പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.