National

കാത് കുത്തിന് അനസ്‌തേഷ്യ; 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അനസ്‌തേഷ്യ അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് ജില്ലയിലാണ് സംഭവം. കാത് കുത്തുന്നതിനായാണ് കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. ആണ്‍ കുഞ്ഞാണ് മരിച്ചത്. ഗുണ്ടല്‍പേട്ട് ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ ദമ്പതികളുടെ മകനാണ് മരിച്ചത്.

കുഞ്ഞിന് അമിതമായ അളവില്‍ അനസ്‌തേഷ്യ നല്‍കിയിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് സംഭവം നടക്കുന്നത്. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം കുഞ്ഞിന്റെ രണ്ട് കാതുകളും കുത്തി. എന്നാല്‍ കുത്തുന്നതിനിടയില്‍ കുഞ്ഞിന്റെ ബോധം പേയെന്നും ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

അനസ്‌തേഷ്യ നല്‍കുന്നതിലുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെ പുറത്താക്കണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഡ്യൂട്ടു ഡോക്ടര്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും പിന്നാലെ മരിക്കുകയായിരുന്നുവെന്നും താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അലിം പാഷ വ്യക്തമാക്കി. എന്നാല്‍ എന്താണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!