നാടുകടത്തൽ ഇതാദ്യമല്ല; വിലങ്ങിട്ടത് സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
![](https://metrojournalonline.com/wp-content/uploads/2025/02/images4_copy_1920x1081-780x470.avif)
ന്യൂഡൽഹി : അമേരിക്കയുടെ നാടുകടത്തലിൽ വിശദീകരണം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇതാദ്യമായിട്ടല്ല് യുഎസ് ഇന്ത്യയിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെ മാത്രമാണ് വിലങ്ങിട്ടതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസ്താവനയിലൂടെ അറിയിച്ചു. നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്നവരെ തിരികെ സ്വീകരിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ട്. എന്നാൽ സൈനിക വിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് ഇതാദ്യമെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
അതേസമയം വിദേശകാര്യ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. ഇന്ത്യക്കാരെ വിലങ്ങിട്ടാണ് എത്തിക്കുന്നതെന്ന് മന്ത്രിക്ക് അറിയുമായിരുന്നോ? ഇന്ത്യക്കാരോട് ഭീകരവാദികളെ പോലെയാണ് അമേരിക്ക പെരുമാറിയത്. ഇന്ത്യയിൽ എത്തിയപ്പോഴും അവരോട് അതെ രീതിയിലാണ് പെരുമാറിയത്. ഹരിയാന സർക്കാർ ജയിൽ വാഹനത്തിലാണെന്നും പ്രതിപക്ഷം പാർലമെൻ്റിൽ അറിയിച്ചു. തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.
ഓരോ വർഷവും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. 2012ൽ 530 ആയിരുന്നെങ്കിൽ 2019 ആയതോടെ ഈ കണക്ക് 2000ത്തിൽ അധികമായി. നാടുകടത്തൽ ഇതാദ്യമല്ല, ഇതിന് മുമ്പും അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചിട്ടുണ്ട്. എന്നാൽ യുദ്ധവിമാനത്തിൽ ഇത്രയധികം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത് ഇതാദ്യമാണെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
ഇന്ത്യൻ സ്വദേശികളെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാൻ ചാർട്ടേഡ് വിമാനങ്ങളൊ, ഇന്ത്യയുടെ യുദ്ധവിമാനങ്ങളോ ഉപയോഗിക്കേണ്ടതായിരുന്നുയെന്ന് പ്രതിപക്ഷം വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. കൂടാതെ കൊളംബിയ പോലെ ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ മറ്റൊരു നിലപാട്. കൊളംബിയയിൽ നിന്നുള കുടിയേറ്റക്കാരെ യുദ്ധവിമാനത്തിൽ എത്തിച്ചപ്പോൾ വിമാനം ഇറക്കാനുള്ള അനുമതി കൊളംബിയൻ പ്രസിഡൻ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് കൊളംബിയയ്ക്ക് മേൽ 25 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ നിന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് യുദ്ധവിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിച്ചത്. 105 പേരെയാണ് യുദ്ധവിമാനത്തിൽ അമൃത്സറിൽ എത്തിച്ചത്. ഇതിൽ 30 പേർ പഞ്ചാബിൽ നിന്നും 33 പേർ വീതം ഹരിയാനയിലും ഗുജറാത്തിൽ നിന്നും മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർ പ്രദേശിൽ നിന്നും രണ്ട് ചണ്ഡിഗഢിൽ നിന്നമുള്ളവരായിരുന്നു. ഇവരെ വിലങ്ങിട്ടല്ല കൊണ്ടുവന്നതെന്നാണ് ആദ്യം കേന്ദ്രം പ്രതികരിച്ചത്. എന്നാൽ പുറത്തെത്തിയവരിൽ ഒരാൾ തങ്ങളെ വിലങ്ങിട്ട് കൈയ്യും കാലും ബന്ധിച്ചിരുന്നുയെന്ന് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു.