![cricket](https://metrojournalonline.com/wp-content/uploads/2025/02/shubhman-gill.avif)
നാഗ്പൂരിലെ വി സി എ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ കൂറ്റന്‍ പ്രകടനമാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴാന്‍ ഒമ്പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. സാള്‍ട്ടിനെ ശ്രേയസ് അയ്യര്‍ റണ്‍ ഒഔട്ടാക്കിയതോടെയായിരുന്നു വിക്കറ്റ് വീഴ്ചയുടെ തുടക്കം. പിന്നീട് ഹര്‍ഷിദ് റാണയുടെ ബോളില്‍ ബെന്‍ ഡെക്കറ്റും പുറത്തായതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആത്മവിശ്വാസം കൂടി. രവീന്ദ്ര ജഡേജയുടെ സ്പിന്‍ സ്പെല്ലില് വിക്കറ്റുകള്‍ കൊഴിഞ്ഞു വീണു. ഒമ്പത് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജയും ഏഴ് ഓവറില്‍ 53 റണ്‍സ് വഴങ്ങി ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം കൊയ്തെടുത്തു.
ഇതോടെ 47.4 ഓവറില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 248 റണ്‍സിലൊതുങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് 4.3 ഓവറില്‍ വീണു. ജയ്സ്വാളായിരുന്നു ആദ്യം പവലിയനിലെത്തിയത്. പിന്നീട് കേവലം രണ്ട് റണ്‍സില്‍ രോഹിത്ത് ശര്‍മയും പുറത്തായി. മൂന്നാമനായെത്തിയ ശുഭ്മാന്‍ ഗില്ലിന്റെ 83 റണ്‍സിന്റെ മികച്ച ഇന്നിംഗ്സാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ഗില്ലിന് കൂട്ടായി 36 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത ശ്രേയസ് അ്യ്യറും 52 റണ്‍സെടുത്ത അക്സര്‍ പട്ടേലും കൂടിയെത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ 248 റണ്‍സിന്റെ വിജയ ലക്ഷ്യം 38.4 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.