ഭൂനികുതി കുത്തനെ ഉയർത്തി, 50 ശതമാനത്തിന്റെ വർധനവ്; കോടതി ഫീസും വർധിപ്പിച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/land-tax-780x470.avif)
സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. 50 ശതമാനമാണ് വർധിപ്പിച്ചത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നത് 45 രൂപയായി മാറും
ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 8.1 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപവരെയുള്ള നികുതി നിരക്ക് ബാധകമാകുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.