ഇസ്രയേലിനെയോ അമേരിക്കയെയോ തൊടാൻ അനുവദിക്കില്ല; അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്
![](https://metrojournalonline.com/wp-content/uploads/2025/02/images_copy_1920x1080-780x470.avif)
വഷിങ്‌ടണ്‍: അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്‌ച ഒപ്പുവച്ചു. പലസ്‌തീനിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ച ഐസിസിയുടെ അന്വേഷണങ്ങൾക്കെതിരെയുള്ള ഉത്തരവിലാണ് ട്രംപ് ഭരണകൂടം ഒപ്പുവച്ചത്.
സഖ്യകക്ഷിയായ ഇസ്രയേലിനെയും അമേരിക്കയേയും ഐസിസി വേട്ടയാടുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഐസിസി ഉദ്യോഗസ്ഥരെ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്നത് ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഏര്‍പ്പെടുത്തിയാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്.
“അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ ഐസിസി ഏര്‍പ്പെട്ടു. നെതന്യാഹുവിനും അദ്ദേഹത്തിന്‍റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരെ അടിസ്ഥാനരഹിതമായ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് ഐസിസി അധികാരം ദുരുപയോഗം ചെയ്‌തു” എന്ന് ട്രംപ് ഒപ്പിട്ട ഉത്തരവിൽ ആരോപിക്കുന്നു.
പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരിക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്താരാഷ്‌ട്ര കോടതി നെതന്യാഹുവിനെതിരെയും യോവ് ഗാലന്‍റിനുമെതിരെയും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതു അംഗീകരിക്കില്ലെന്നും ഇസ്രയേലിനെ സംരക്ഷിക്കുമെന്നുമാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.
ഐസിസിക്ക് അമേരിക്കയുടെയോ ഇസ്രായേലിന്‍റേയോ മേൽ അധികാരമില്ല, ഇരു രാജ്യങ്ങൾക്കുമെതിരായ നടപടികളിലൂടെ കോടതി “അപകടകരമായ ഒരു കീഴ്വഴക്കം” സൃഷ്‌ടി ച്ചു. ഐസിസി ഉദ്യോഗസ്ഥർ, ജീവനക്കാർ, ബന്ധുക്കൾ എന്നിവരെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല, ഇവരുടെ സ്വത്തുക്കള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐസിസി വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പുതിയ ഉത്തരവില്‍ അമേരിക്ക വ്യക്തമാക്കുന്നു.
എന്താണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി?
125 അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഐസിസി, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, അംഗരാജ്യങ്ങൾക്കോ അവരുടെ പൗരന്മാർക്കോ എതിരായ ആക്രമണം എന്നിവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്ന ഒരു കോടതിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, റഷ്യ, ഇസ്രായേൽ എന്നിവ ഐസിസി അംഗങ്ങളല്ല എന്നത് ശ്രദ്ധേയമാണ്.