എഎപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; പാർട്ടിയുടെ മുഖമായ കെജ്രിവാളും തോറ്റു
![](https://metrojournalonline.com/wp-content/uploads/2025/02/kejriwal-780x470.avif)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അന്തിമ ഘട്ടത്തിലെത്തുമ്പോൾ കടുത്ത നാണക്കേടിലാണ് ആംആദ്മി പാർട്ടി. അധികാരം നഷ്ടമായതോടെ, ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലെത്തുന്നതോ അല്ല അവരെ ബാധിക്കുന്നത്. അരവിന്ദ് കെജ്രിവാൾ എന്ന ഒരൊറ്റ ്മനുഷ്യനിൽ തൂങ്ങിയാടിയ പാർട്ടിയായിരുന്നു എഎപി. അവരുടെ രാഷ്ട്രീയ മുഖമായിരുന്ന കെജ്രിവാൾ തന്നെ തോറ്റതോടെ ആംആദ്മിയുടെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നത്തിലായിരിക്കുകയാണ്
ന്യൂ ഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ പർവേഷ് വർമയോടാണ് കെജ്രിവാൾ തോറ്റത്. 3000 വോട്ടുകൾക്കാണ് കെജ്രിവാളിന്റെ പരാജയം. കെജ്രിവാൾ മാത്രമല്ല, എഎപിയിലെ രണ്ടാമനെന്ന് വിലയിരുത്തപ്പെടുന്ന മനീഷ് സിസോദിയയും തോറ്റമ്പി. ജംഗ്പുര മണ്ഡലത്തിൽ 500ലധികം വോട്ടുകൾക്കാണ് മനീഷ് സിസോദിയ പരാജയപ്പെട്ടത്.
മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും പരാജയപ്പെട്ടു. അതേസമയം നിലവിലെ മുഖ്യമന്ത്രിയായ അതിഷി മെർലെന ജയിച്ചു. കൽക്കാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. ഡൽഹി കാലങ്ങളോളം ഭരിക്കാമെന്ന കെജ്രിവാളിന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.