അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗദ്ദാഫി സ്റ്റേഡിയം തുറന്നു; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടില്ലെന്ന ആശ്വാസവുമായി പിസിബി
![](https://metrojournalonline.com/wp-content/uploads/2025/02/images7_copy_1920x1080-780x470.avif)
ചാമ്പ്യൻസ് ട്രോഫി നടക്കേണ്ട പ്രധാനപ്പെട്ട സ്റ്റേഡിയമായ ഗദ്ദാഫി സ്റ്റേഡിയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നു. ലാഹോറിലാണ് ഗദ്ദാഫി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 117 ദിവസം നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് ഗദ്ദാഫി സ്റ്റേഡിയം തുറന്നത്. എൽഇഡി ഫ്ലഡ്ലൈറ്റുകളും വലിയ സ്കോർ സ്ക്രീനുകളും പുതിയ ഹോസ്പിറ്റാലിറ്റി ബോക്സുകളും മെച്ചപ്പെട്ട സീറ്റിംഗുമടക്കമാണ് ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന അറ്റകുറ്റപ്പണികൾ.
കൃത്യസമയത്ത് സ്റ്റേഡിയം പണി പൂർത്തിയാക്കാൻ കഴിയാതിരുന്നതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ചാമ്പ്യൻസ് ട്രോഫി സുഗമമായി നടത്താൻ കഴിയുന്ന തരത്തിൽ സ്റ്റേഡിയം പണി പൂർത്തിയാക്കാൻ പിസിബിയ്ക്ക് സാധിച്ചില്ലെങ്കിൽ അവർക്ക് ടൂർണമെൻ്റ് നടത്തിപ്പവകാശം നഷ്ടപ്പെടാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ, ലാഹോർ സ്റ്റേഡിയം പണി പൂർത്തിയാക്കി തുറന്നതോടെ ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടില്ലെന്ന ആശ്വാസമാണ് പിസിബിയ്ക്ക്.
മത്സരത്തിന് തയ്യാറെടുത്ത ഗദ്ദാഫി സ്റ്റേഡിയത്തിലാണ് പാകിസ്താൻ – ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നടക്കുക. ഇന്ന്നടക്കുന്ന ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടുകയാണ്.
1996ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ ഒരു പ്രധാന ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് നടത്തിയ ലോകകപ്പിന് ശേഷം ഇതുവരെ പാകിസ്താൻ മറ്റൊരു പ്രധാന ടൂർണമെൻ്റ് നടത്തിയിട്ടില്ല. സുരക്ഷാകാരണങ്ങൾ കാരണമാണ് പാകിസ്താന് മൂന്ന് പതിറ്റാണ്ടോളം ഐസിസി, എസിസി ഇവൻ്റുകൾ നടത്താൻ കഴിയാതെ പോയത്. 2009ൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിനെതിരെ തീവ്രവാദ ആക്രമണമുണ്ടാവുകയും നിരവധി താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതോടെ പാകിസ്താനിൽ നിന്ന് രാജ്യാന്തര മത്സരങ്ങളും പുറത്തായി. അതുകൊണ്ട് തന്നെ പാകിസ്താന് വളരെ നിർണായകമായ ടൂർണമെൻ്റാണിത്
ഈ മാസം 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. പാകിസ്താനിലെ കറാച്ചി, ലാഹോർ, റാവല്പിണ്ടി വേദികളിലും യുഎഇയിലെ ദുബായിലുമായാണ് മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങളാണ് ദുബായിൽ വച്ച് നടക്കുക. ആദ്യ ഘട്ടത്തിൽ ഹൈബ്രിഡ് മോഡലിനോട് എതിർത്തുനിന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്നീട് ഐസിസിയും ബിസിസിഐയുമായിട്ടുള്ള ചർച്ചകൾക്ക് ശേഷമാണ് സമ്മതം മൂളിയത്.
പാകിസ്താനും ന്യൂസീലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഫെബ്രുവരി 20ന് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. ഫെബ്രുവരി 23ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ മത്സരം നടക്കും.