കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഭാര്യ മരിച്ചു. ഭർത്താവിന് ഗുരുതര പരികേറ്റു. പാലക്കാട് ഉപ്പുംപാടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഭർത്താവ് രാജൻ (56) ഗുരുതര പരിക്കോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉപ്പുംപാടത്തെ വീട്ടിലായിരുന്നു സംഭവം.
വീട്ടിനകത്ത് വച്ച് ഇരുവരും പരസ്പം വഴക്കിടതിനു പിന്നാലെയാണ് സംഭവം. വീടിനു മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഉടൻ തന്നെ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജൻ അപകടനില തരണം ചെയ്തോ എന്ന് വ്യക്തമല്ല. രണ്ടാഴ്ചയ്ക്ക് മുൻപ് ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയ ഇവർ തോലന്നൂര്‍ സ്വദേശികളാണ്.
അതേസമയം ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് പോലീസ് പറയുന്നത്. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ക്രൂരമായി ഉപദ്രവിക്കുകയും പരിക്കേൽപ്പിക്കും ചെയ്തിരുന്നു. ഇയാൾക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി നാട്ടുക്കാർ പറയുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.