Sports

പരമ്പര ഉറപ്പിക്കാന്‍ കട്ടക്കില്‍ ഇന്ത്യ; കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട്: കോഹ്ലി കളിക്കും, ആരു പുറത്താകും

പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യയും, മത്സരത്തിലേക്ക് വിജയത്തോടെ തിരികെയെത്താന്‍ ഇംഗ്ലണ്ടും പോരാടുമ്പോള്‍ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ‘തീപാറു’മെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒഡീഷയിലെ കട്ടക്കില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. പരിക്ക് മൂലം ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോഹ്ലി ഇന്ന് പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് വിവരം. കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നാകും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെയും കുഴയ്ക്കുന്ന ചോദ്യം.

കോഹ്ലിക്ക് പകരം ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ച ശ്രേയസ് അയ്യര്‍ അത് മുതലാക്കുകയും ചെയ്തു. 36 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്. ഇനി ശ്രേയസിനെ ഒഴിവാക്കിയുള്ള ഒരു സാഹസത്തിന് ടീം മുതിര്‍ന്നേക്കില്ല. യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കിയുള്ള പരിഹാരശ്രമത്തിനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല. 22 പന്തില്‍ 15 റണ്‍സ് മാത്രമാണ് താരം നേടിയത്.

ജയ്‌സ്വാളിന് പകരം ശുഭ്മന്‍ ഗില്ലിനെ രോഹിതിനൊപ്പം ഓപ്പണറാക്കിയാല്‍ ഇന്ത്യയ്ക്ക് ടീമില്‍ കാര്യമായി അഴിച്ചുപണി നടത്തേണ്ടി വരില്ല.ഇടത്-വലത് ഓപ്പണിംഗ് കോമ്പിനേഷൻ തുടരാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാൽ അത് ശ്രേയസിനെ ബാധിച്ചേക്കാം. അങ്ങനെ വന്നാല്‍ അത് ജയ്‌സ്വാളിന് രക്ഷയാകും.

പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കാന്‍ നേരിയ സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇംഗ്ലണ്ട് ടീമിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. രോഹിതിന്റെ മോശം ഫോം ടീമിനെ വലയ്ക്കുന്നുണ്ട്. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാകുന്ന സാഹചര്യമാണ് കട്ടക്കിലേത്. ബാറ്റിങിനെയും തുണയ്ക്കുന്ന പിച്ചാണിത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ/ശ്രേയസ് അയ്യര്‍, ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹർഷിത് റാണ/വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷാമി.

Related Articles

Back to top button
error: Content is protected !!