എൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾക്ക് കളമൊരുങ്ങുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ബിജെപിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. എൻഡിഎ മുന്നണിയിലേക്ക് വരുന്നതിന് പകരമായി ശരദ് പവാറിൻ്റെ മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് പിന്നണി ചർച്ചകൾ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ പാർലമെൻ്റിൽ പാസാക്കാൻ കഴിയാതെ പോയ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കിയെടുക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്നും, നേതൃത്വത്തോട് അതൃപ്തിയുള്ള ചില കോൺഗ്രസ് എംപിമാരെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും ശരദ് പവാർ വാഗ്ദാനം ചെയ്തതായാണ് സൂചന.
സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകാമെന്നായിരുന്നു ബിജെപിയുടെ ആദ്യ വാഗ്ദാനം. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പദം വേണമെന്ന നിലപാടാണ് പവാർ മുന്നോട്ടുവെച്ചതെന്ന് പുറത്തുവരുന്ന വിവരം. എൻസിപിയിലെ ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങളും ഈ ചർച്ചകളുടെ ഭാഗമായി നടക്കുന്നുണ്ട്. ലയനത്തിന് സമ്മതിക്കാൻ എൻസിപി ദേശീയ അധ്യക്ഷ സുനേത്ര പവാറിനെ ബിജെപി നേരത്തെ പ്രേരിപ്പിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. ഇതോടെയാണ് മഹാരാഷ്ട്ര സർക്കാരിൽ ശരദ് പവാർ വിഭാഗത്തിന് നിർണ്ണായക സ്ഥാനങ്ങൾ നൽകുന്ന ബദൽ ഫോർമുല ബിജെപി പരിഗണിക്കുന്നത്.
പുതിയ ധാരണ പ്രകാരം ധനവകുപ്പും മുഖ്യമന്ത്രി പദവും ലഭിക്കുകയാണെങ്കിൽ, സുനേത്ര പവാറിനും മകൻ പാർത്ഥിനും ശരദ് പവാറിൻ്റെ നേതൃത്വം അംഗീകരിക്കുകയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് മാറിനിൽക്കുകയോ ചെയ്യേണ്ടി വരും. ശരദ് പവാർ ഇരുവിഭാഗങ്ങളുടെയും നേതൃത്വം ഏറ്റെടുത്ത് സർക്കാരിൽ വലിയ പങ്കാളിത്തം നേടുന്നതിനെ അനുകൂലിക്കുന്നവരാണ് പല മുതിർന്ന എൻസിപി എംഎൽഎമാരും.
അതേസമയം രഹസ്യ ചർച്ചകൾക്ക് പിന്നാലെ ശരദ് പവാർ വിഭാഗത്തിൻ്റെ നീക്കങ്ങളിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബിജെപിയെയും മുതിർന്ന നേതാക്കളെയും നേരിട്ട് ആക്രമിക്കരുതെന്ന് പാർട്ടി നേതൃത്വം ജില്ലാ ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭയുടെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 7 മുതൽ 9 വരെ എംഎൽഎ രോഹിത് പവാറിൻ്റെ നേതൃത്വത്തിൽ വരൾച്ചാബാധിതരായ കർഷകരുടെ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിലെ ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് സർക്കാരിനെതിരായ ഈ സമരപരിപാടിയിൽ നിന്ന് പിന്മാറാൻ മുതിർന്ന നേതൃത്വം ജില്ലാ അധ്യക്ഷന്മാരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
ചർച്ചകൾ നടക്കുന്നുണ്ട്, പക്ഷേ അത് കൃത്യമായ ഒരു ധാരണയിലേക്ക് എത്തുമോ എന്ന് ഇപ്പോൾ പറയാനാവില്ല. രാഷ്ട്രീയ സാധ്യതകൾ എപ്പോഴും തുറന്നിടുന്ന വ്യക്തിയാണ് ശരദ് പവാർ; അവസാന നിമിഷം പോലും അദ്ദേഹം തീരുമാനങ്ങൾ മാറ്റിയേക്കാം. അദ്ദേഹത്തെ എൻഡിഎയിൽ എത്തിക്കാൻ ബിജെപിക്ക് താല്പര്യമുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഒന്നും ഉറപ്പിക്കാനാവില്ല,’ എന്ന് മുതിർന്ന എൻസിപി നേതാവ് പ്രതികരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

എ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്
