Movies

അവിടെ കണ്ട കാഴ്‌ച്ചകൾ എന്നെ വല്ലാതെ സ്വാധീനിച്ചു; നാഗ ചൈതന്യയുടെ കഷ്‌ടപ്പാടുകൾ ഞാൻ കണ്ടതാണ്

നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ തെലുഗു ചിത്രമാണ് ‘തണ്ടേൽ’. ഫെബ്രുവരി 7ന് റിലീസിനെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സായ് പല്ലവിയും നാഗ ചൈതന്യയും.

ഈ സാഹചര്യത്തില്‍ ‘തണ്ടേല്‍’ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ഇരുതാരങ്ങളും. സിനിമയ്‌ക്കായി കായികപരമായി ഒരുപാട് തയ്യാറെടുപ്പുകളാണ് നടന്‍ നാഗ ചൈതന്യ നടത്തിയത്. ഇക്കാര്യം നടന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. കഥാപാത്രത്തിനായി നാഗ ചൈതന്യ ഉൾക്കൊണ്ട കഷ്‌ടപ്പാടുകൾ താൻ നേരിട്ട് കണ്ടതാണെന്ന് സായ് പല്ലവിയും പ്രതികരിച്ചു. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരങ്ങള്‍.

ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ നടന്നൊരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. സിനിമയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ ഈ ചിത്രം ചെയ്യണമെന്ന് തീരുമാനിച്ചതായി നാഗ ചൈതന്യ പറഞ്ഞു.

“ആക്ഷനും ഉദ്യോഗജനകമായ രംഗങ്ങൾക്കും സിനിമയിൽ വളരെയധികം പ്രാധാന്യമുണ്ടെങ്കിലും തിരക്കഥയിലെ പ്രണയ രംഗങ്ങളാണ് എന്നെ ഏറെ ആകർഷിച്ചത്. സിനിമയുടെ ആത്‌മാവ് ഈ ചിത്രത്തിലെ പ്രണയ രംഗങ്ങൾ തന്നെയാണ്. ഒരു അഭിനേതാവിന്‍റെ എല്ലാ കഴിവുകളും പുറത്തെടുക്കാനാകുന്ന തിരക്കഥയുമായാണ് സംവിധായകൻ ചന്ദൂ മൊണ്ടേതി എന്നെ തേടിയെത്തിയത്,” നാഗ ചൈതന്യ പറഞ്ഞു.

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നിന്നും കഥ പറഞ്ഞ് തുടങ്ങി ഗുജറാത്തിലൂടെ പാക്കിസ്‌താൻ വരെ ഈ സിനിമയുടെ കഥാവഴി സഞ്ചരിക്കുന്നുണ്ടെന്നും നടന്‍ വെളിപ്പെടുത്തി. സിനിമയിലെ രാജു എന്ന തന്‍റെ കഥാപാത്രം തന്‍റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും നാഗ ചൈതന്യ പറഞ്ഞു.

“തണ്ടേലിന്‍റെ കഥയ്‌ക്ക് ആസ്‌പദമായ കാര്യങ്ങൾ യഥാർത്ഥ സംഭവങ്ങൾ ആയത് കൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ആ സ്ഥലങ്ങളെല്ലാം ഞാൻ സന്ദർശിച്ചിരുന്നു. ശ്രീ കാകുളം സ്വദേശികളുടെ ദിനചര്യയും, സ്വഭാവവും, രൂപഭാവങ്ങളുമെല്ലാം ആഴ്‌ച്ചകളോളം അവിടെ താമസിച്ച് പഠിച്ചെടുത്തു. കൂടുതലും മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ആളുകളാണ് അവിടെയുള്ളത്. അവിടെ കണ്ട കാഴ്‌ച്ചകൾ എന്നെ വല്ലാതെ സ്വാധീനിച്ചു. ഏകദേശം ഒരു വർഷം കൊണ്ടാണ് എന്‍റെ ശാരീരിക ഭാഷ കഥാപാത്രത്തിനായി ഒരുക്കിയെടുത്തത്. ശ്രീകാകുളം ഭാഷ പഠിക്കുന്നതിനായി അവിടെ നിന്നും ചില മത്സ്യത്തൊഴിലാളികളെ ഹൈദരാബാദിൽ വിളിച്ചുവരുത്തിയിരുന്നു,” നാഗ ചൈതന്യ കൂട്ടിച്ചേര്‍ത്തു.

കഥാപാത്രത്തിനുള്ള നാഗചൈതന്യയുടെ മേക്കോവർ താൻ വളരെയധികം കണ്ട് ആസ്വദിച്ചതായി സായ് പല്ലവി പറഞ്ഞു. “കഥാപാത്രമായി മാറാനുള്ള നാഗ ചൈതന്യയുടെ അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തി. തണ്ടേൽ പോലുള്ള സിനിമകളുടെ തിരക്കഥകൾ ഒരു അഭിനേത്രി എന്ന നിലയിൽ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഊർജ്ജം പകരുന്നതാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ള സിനിമകളോട് എനിക്ക് വലിയ താല്‍പ്പര്യമുണ്ട്,” സായ് പല്ലവി പറഞ്ഞു.

ലോക്ക് ഡൗൺ സമയത്താണ് ‘തണ്ടേലി’ന്‍റെ തിരക്കഥയുടെ ആദ്യ രൂപം തനിക്ക് വായിക്കാൻ ലഭിക്കുന്നതെന്നും താരം വ്യക്‌തമാക്കി. “തിരക്കഥയുടെ ആദ്യ രൂപം വായിച്ചപ്പോൾ തന്നെ ഈ കഥ സിനിമ ആവുകയാണെങ്കിൽ ഉറപ്പായും സഹകരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. അപ്പോള്‍ തന്നെ പാക്കിസ്‌താനിൽ അകപ്പെട്ട നാഗ ചൈതന്യ അവതരിപ്പിക്കുന്ന കഥാപാത്രമായ രാജുവിനോട് വല്ലാത്തൊരു അനുകമ്പ തോന്നിയിരുന്നു,” സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

ഗീതാ ആർട്‌സ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഈ ഫോർ എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് തിയേറ്ററുകളിലെത്തിയത്.

രചന, സംവിധാനം – ചന്ദൂ മൊണ്ടേതി, ഛായാഗ്രഹണം – ഷാംദത്, എഡിറ്റർ – നവീൻ നൂലി, സംഗീതം – ദേവി ശ്രീ പ്രസാദ്, കലാസംവിധാനം – ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം – ശേഖർ മാസ്‌റ്റർ, ബാനർ – ഗീത ആർട്‌സ്, നിർമ്മാതാവ് – ബണ്ണി വാസ്, അവതരണം – അല്ലു അരവിന്ദ്, മാർക്കറ്റിംഗ് – ഫസ്‌റ്റ് ഷോ, പിആർഒ – ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related Articles

Back to top button
error: Content is protected !!