USA

രാജകുമാരനെ നാടുകടത്തില്ല; അദ്ദേഹത്തിന് ഭാര്യയുമായി തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്: ട്രംപ്

വാഷിങ്ടണ്‍: ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹാരിക്ക് ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിനെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

രഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഹാരി നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാരിക്ക് യുഎസ് വിസ ലഭിക്കാനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ വിരാമമിട്ടിരിക്കുകയാണ്.

”ഹാരിയെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ അവനെ വെറുതെ വിടുകയാണ്. അദ്ദേഹത്തിന് ഭാര്യയുമായി തന്നെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്, അവള്‍ ഭയങ്കരിയാണ്,” ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

2020ലാണ് ഹാരി രാജകുമാരന്‍ ഭാര്യയോടൊപ്പം യുഎസിലേക്ക് എത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ സജീവ അംഗത്വത്തില്‍ നിന്ന് രാജിവെച്ചതിന് ശേഷമായിരുന്നു ഇരുവരും മേഗന്റെ ജന്മനാടായ കാലഫോര്‍ണിയയിലേക്ക് പോയത്.

ഇതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍, കഞ്ചാവ്, രാസലഹരി എന്നിവ ഉപയോഗിച്ചിരുന്നതായി ഹാരി വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിസ അപേക്ഷയില്‍ ഹാരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നോ എന്ന ചോദ്യമുയര്‍ന്നു. വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഹാരിക്ക് എങ്ങനെ വിസ ലഭിച്ചുവെന്നും ആളുകള്‍ സംശയം പ്രകടിപ്പിച്ചു.

ഹാരിയുടെ വെളിപ്പെടുത്തലിനെതിരെ തിങ്ക് ടാങ്ക്, ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഉയര്‍ത്തിയ ആശങ്കകളെ തുടര്‍ന്നാണ് ട്രംപ് വിശദീകരണം നല്‍കിയത്. ഹാരിയുടെ ഇമിഗ്രേഷന്‍ വിവരങ്ങള്‍ പുനഃപരിശോധിക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് മേല്‍ സമ്മര്‍വുമുണ്ട്. നിലവില്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍, ബൈഡന്‍ ഭരണകൂടത്തില്‍ നിന്നും മേഗനും ഹാരിക്കും മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ട്രംപ് അഭിമുഖത്തില്‍ വിമര്‍ശിച്ചു. ഹാരിയുടെ മൂക്കില്‍പിടിച്ച് നയിക്കുകയാണ് മേഗനെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.

അതേസമയം, നേരത്തെ ഡൊണാള്‍ഡ് ട്രംപിനെതിരെ മേഗന്‍ മാര്‍ക്കിള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ മേഗന്‍ ട്രംപിനെ സ്ത്രീവിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!