National

ഡൽഹിയിൽ മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവവിഹാർ എന്നാക്കുമെന്ന് നിയുക്ത എംഎൽഎ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹിയിൽ പേരുമാറ്റവുമായി നിയുക്ത എംഎൽഎ. മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവ് വിഹാർ എന്നോ ആക്കുമെന്ന് മുസ്തഫാബാദിൽ നിന്ന് വിജയിച്ച മോഹൻ സിങ് ബിഷ്ട് പറഞ്ഞു.

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദിൽ നിന്ന് 17,578 വോട്ടിനാണ് മോഹൻ ബിഷ്ട് വിജയിച്ചത്. എഎപിയുടെ അദീൽ അഹമ്മദ് ഖാൻ ആയിരുന്നു എതിർസ്ഥാനാർഥി. 85,215 വോട്ടാണ് മോഹൻ ബിഷ്ട് നേടിയത്.

ഒരു സെൻസസ് നടത്തി മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ എന്നോ ശിവപുരി എന്നോ മാറ്റും. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പേര് മാറ്റുമെന്ന് താൻ പറഞ്ഞിരുന്നു. അത് ചെയ്യുമെന്നും മോഹൻ ബിഷ്ട് വ്യക്തമാക്കി.

2020ൽ എഎപിയുടെ ഹാജി യൂനുസ് ആയിരുന്നു മുസ്തഫാബാദിൽ നിന്ന് വിജയിച്ചത്. ഇത്തവണ ബിജെപി, എഎപി, കോൺഗ്രസ്, എഐഎംഐഎം പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിരുന്നു. ചതുഷ്‌കോണ മത്സരത്തിൽ വോട്ട് ഭിന്നിച്ചതാണ് ബിജെപിക്ക് തുണയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

താഹിർ ഹുസൈൻ ആയിരുന്നു മുസ്തഫാബാദിൽ എഐഎംഐഎം സ്ഥാനാർഥി. 33,474 വോട്ട് നേടിയ താഹിർ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 11,763 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർഥി അലി മെഹ്ദി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related Articles

Back to top button
error: Content is protected !!