കിഫ്ബിയുടെ പേരിൽ കെ ടോൾ എന്ന് പ്രതിപക്ഷം; വെന്റിലേറ്ററിലായെന്ന് സതീശൻ
![](https://metrojournalonline.com/wp-content/uploads/2025/01/satheeshan-780x470.avif)
കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കിഫ്ബിയുടെ പേരിൽ കെ ടോൾ പിരിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്ത് കിഫ്ബി പദ്ധതി നിലയ്ക്കുന്നുവെന്ന് ആരോപിച്ച് റോജി എം ജോൺ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി
കിഫ്ബി ജനങ്ങളുടെ ബാധ്യതയാകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇതുവരെ പൂർത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനമെന്നും റോജി ആരോപിച്ചു.
കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കിഫ്ബി പരാജയപ്പെട്ട മോഡലാണ്. കിഫ്ബി ആരുടെയും തറവാട് സ്വത്ത് വിറ്റ പണമല്ല. പെട്രോൾ, മോട്ടോർ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദൽ സംവിധാനമായി മാറി. സംസ്ഥാന ബജറ്റിന്റെ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു
കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മറുപടി. കിഫ്ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. റോജി എം ജോണിന്റെ മണ്ഡലത്തിൽ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി പറഞ്ഞു