ഖത്തര്‍ ദേശീയ കായിക ദിനാഘോഷം: നാളെ അവധി
![](https://metrojournalonline.com/wp-content/uploads/2025/02/images2_copy_1920x1269-780x470.avif)
ദോഹ: ദേശീയ കായിക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 11(നാളെ) പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ അമീരി ദിവാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം വാരത്തില്‍ വരുന്ന ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനാഘോഷം സംഘടിപ്പിക്കാറ്. നെവര്‍ ടു ലേറ്റ് (ഒരിക്കലും വൈകരുത്) എന്നതാണ് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ ടാഗ് ലൈന്‍.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തറിലെ സ്പോര്‍ട്സ് ക്ലബ്ബുകള്‍, രാജ്യത്തെ പ്രമുഖ കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അതിവിപുലമായി എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിക്കുന്നത്. കായിക മത്സരത്തിന്റെ മുഖ്യ ഹൈലൈറ്റുകളില്‍ ഒന്ന് 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ ആണ്. ലുസൈയില് ബോളിവാഡില്‍ നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയാണ്. ഇതോടൊപ്പം 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ട മത്സരവും അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ട മത്സരവും നടക്കും. ഫണ്‍ റണ്‍ എന്ന പേരില്‍ ആറു വയസ്സ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക മത്സരവും നടക്കും.
രാവിലെ ആറിനാണ് ഹാഫ് മാരത്തോണ്‍ ആരംഭിക്കുക. ഏഴിന് 10 കിലോമീറ്റര്‍ മത്സരവും ഏഴരയ്ക്ക് 5 കിലോമീറ്റര്‍ മത്സരവും നടക്കും. കുട്ടികള്‍ക്കായുള്ള ഫണ്‍ റണ്‍ എട്ടരക്കാണ്. മത്സരം കെങ്കേമമാക്കാന്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് സര്‍ക്കാരിന് കീഴില്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികളെയും പങ്കാളികളാക്കിക്കൊണ്ട് ഖത്തര്‍ ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നത്. ഹാഫ് മാരത്തണില്‍ മാറ്റുരക്കാന്‍ നൂറില്‍പരം രാജ്യങ്ങളില്‍ നിന്നും ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകസമിതി വെളിപ്പെടുത്തി.