ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നൽകും
![](https://metrojournalonline.com/wp-content/uploads/2025/02/sofiya-780x470.avif)
ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റും. മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദിലാണ് കബറടക്കം
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നത് സർക്കാരിന് ശുപാർശ ചെയ്യും. കാട്ടാന ഭീഷണിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കുമെന്നും കലക്ടർ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചതും മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റിയതും
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ടിആർ ആൻഡ് ടീ എസ്റ്റേറ്റിൽ വെച്ചായിരുന്നു ആക്രമണം. സമീപത്തെ അരുവിയിൽ കുളിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്.