ഒറ്റപ്പെടലിന്റെ വേദന മാറാൻ നാല് വിവാഹം; മൂന്നും നാലും ഭാര്യമാർ എഫ്ബി സുഹൃത്തുക്കളായതോടെ യുവാവ് കുടുങ്ങി
![](https://metrojournalonline.com/wp-content/uploads/2025/02/deepu-780x470.avif)
വിവാഹ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. നാല് യുവതികളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്‌ളാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പാണ്(36) പിടിയിലായത്.
നാലാമത്തെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. 2022 മാർച്ച് ഒന്നിനും 2024 ഫെബ്രുവരി 7നും ഇടയിലുള്ള കാലയളവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 വർഷം മുമ്പ് വിവാഹം ചെയ്താണ് ദീപുവിന്റെ വിവാഹ തട്ടിപ്പ് ജീവിതം ആരംഭിക്കുന്നത്.
യുവതിയുടെ സ്വർണവും പണം കൈക്കലാക്കിയ ഇയാൾ ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങി. പിന്നീട് കാസർകോട് സ്വദേശിയായ യുവതിയുമായി തമിഴ്‌നാട്ടിൽ എത്തി താമസം തുടങ്ങി. ഈ യുവതിയെയും ഉപേക്ഷിച്ച് ഇവിടെ നിന്ന് മുങ്ങി പിന്നീട് പൊങ്ങിയത് എറണാകുളത്താണ്. ഇവിടെയും ാെരു സ്ത്രീയുമായി അടുക്കുകയും അവരുമൊത്ത് താമസിക്കുകയും ചെയ്തു
ഇതിനിടെയാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി പരിചയത്തിലായത്. തുടർന്ന് ഇവരെ അർത്തുങ്കൽ വെച്ച് വിവാഹം ചെയ്തു. താൻ അനാഥനാണ്, ഒറ്റപ്പെടലിന്റെ വേദനയുണ്ട് എന്നൊക്കെ വൈകാരികമായി പറഞ്ഞാണ് ഇയാൾ യുവതികളെ വശത്താക്കിയിരുന്നത്. പിന്നീട് ഇവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം താത്പര്യം കുറയുമ്പോൾ മറ്റൊരാളെ തേടി പോകുകയാണ് പതിവ്
ദീപുവിന്റെ മൂന്നാം ഭാര്യ നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്താണ്. മൂന്നാം ഭാര്യ ദീപുമൊത്ത് നിൽക്കുന്ന ചിത്രം എഫ് ബിയിൽ പങ്കുവെച്ചത് നാലാം ഭാര്യ കണ്ടതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.