Sports

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയില്‍ തന്നെ; അല്‍ നസറുമായി കരാര്‍ നീട്ടിയേക്കും

ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടർന്നേക്കും. താരവുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി അൽ നസര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ഫുട്ബോൾ വിട്ട് 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബിലേക്കെത്തിയത്. ഏതൊരു ഫുട്ബോള്‍ താരത്തിനേയും കണ്ണഞ്ചിപ്പിക്കുന്ന തുക നല്‍കിയാണ് താരത്തെ സൗദിയിലേക്കെത്തിച്ചത്. 1749 കോടി രൂപയാണ് ഇതിഹാസ താരത്തിന്‍റെ വാര്‍ഷിക പ്രതിഫലം.

2025 ജൂണില്‍ ക്രിസ്റ്റ്യാനോയുടെ കരാര്‍ പൂര്‍ത്തിയാകും. ഇതേതുടര്‍ന്നാണ് ഒരുവർഷത്തേയ്ക്ക് കൂടി കരാർ പുതുക്കാൻ അൽ നസർ മാനേജ്മെന്‍റിന്‍റെ താല്‍പര്യം. കഴിഞ്ഞയാഴ്ച 40 വയസ് പൂര്‍ത്തിയായെങ്കിലും യുവതാരങ്ങളെ വെല്ലുന്ന ആര്‍ജ്ജവത്തോടെയാണ് റൊണാള്‍ഡോ ഇപ്പോഴും കളത്തില്‍ പന്തുതട്ടുന്നത്.

ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോ 1000 ഗോളെന്ന ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. സൗദി പ്രോ ലീ​ഗില്‍ 26 മത്സരങ്ങളില്‍ 24 ഗോളുകളാണ് താരത്തില്‍ നിന്ന് പിറന്നത്. നാല് അസിസ്റ്റും റൊണാള്‍ഡോയുടെ പേരിനൊപ്പമുണ്ട്.രാജ്യാന്തര ഫുട്‌ബോളിലും ടോപ് സ്‌കോറായ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി 135 ഗോള്‍ നേടിയിട്ടുണ്ട്.

അല്‍ നസറിനായി ആകെ 90 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ഇതുവരെ 82 ​ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഫുട്ബോൾ കരിയറിൽ 923 കളികളില്‍ നിന്നായി 924 ഗോളുകളാണ് റൊണാൾഡോയുടെ ഇതുവരെയുള്ള സമ്പാദ്യം.

Related Articles

Back to top button
error: Content is protected !!