തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയില്‍ മരണം: അസ്വാഭാവികതയെന്ന് പിതാവ്
![മരണം 1200](https://metrojournalonline.com/wp-content/uploads/2025/02/images2_copy_2048x1154-780x470.avif)
കോഴിക്കോട്: അടപ്പ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പിതാവ് പരാതിപ്പെട്ടു.
നിസാറിന്റെ ആദ്യത്തെ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ടിരുന്നു. പതിനാല് ദിവസം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിന്റെ മരണം സംഭവിച്ചത്. രണ്ട് കുട്ടികളും ഭാര്യയുടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടതെന്നും സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും കാണിച്ച് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് നിസാറിന്റെ രണ്ടാമത്തെ മകന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയത്. ഇതേതുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
നേരത്തെ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്ന് വീണപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നുവെന്നും നിസാര്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.