![](https://metrojournalonline.com/wp-content/uploads/2025/02/2503771-qatar-emir_copy_2048x1229-780x470.avif)
ദോഹ: രാജ്യം സാമുചിതമായി പതിനാലാമത് ദേശീയ കായിക ദിനാഘോഷം കെങ്കേമമാക്കിയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി കുട്ടികള്‍ക്കൊപ്പം കളിയിലേര്‍പ്പെട്ടിരിക്കുന്ന ഖത്തര്‍ ഭരണാധികാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍ത്താനിയാണ് കുട്ടികള്‍ക്കൊപ്പം കളിക്കിറങ്ങിയത്. ഇതോടെ ഈ ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവനും വൈറലായി മാറുകയായിരുന്നു.
ഇന്നലെ വടക്കന്‍ മേഖലയിലെ ഹാബിറ്റാസ് റാസ് അബ്രൂക്ക് റിസോര്‍ട്ടിലായിരുന്നു ഖത്തര്‍ അമീര്‍ കുട്ടികള്‍ക്കൊപ്പം പഡേല്‍ കളിയില്‍ ഏര്‍പ്പെട്ടത്. അപ്പോള്‍ തന്നെ ആ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഖത്തരി ജൂനിയര്‍ ടീമിലെയും ദുഖം പ്രൈമറി സ്കൂളിലെയും ആണ്‍കുട്ടികള്‍ക്ക് ഒപ്പമായിരുന്നു പഡേല്‍ കളിക്കാന്‍ ഖത്തര്‍ അമീര്‍ കളത്തിലിറങ്ങിയത്.
രാജ്യത്തെ മുഴുവന്‍ ആളുകളും യാതൊരുവിധ വ്യത്യാസങ്ങളും ഇല്ലാതെ കായിക വിനോദങ്ങളില്‍ ഉത്സാഹത്തോടെ പങ്കാളികളാകുന്ന കാഴ്ചയാണ് ഇന്നലെ ഖത്തറില്‍ എങ്ങും കാണാനായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി. സ്വദേശികള്‍ക്കൊപ്പം ഖത്തറില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ പ്രവാസികളും ഉത്സാഹത്തോടെയാണ് പരിപാടികളുടെ ഭാഗമായത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.