![](https://metrojournalonline.com/wp-content/uploads/2025/02/Sundar-Pichai-Google-CEO-2_copy_1920x1280-780x470.avif)
ദുബായ്: എഐ(നിര്‍മ്മിത ബുദ്ധി) വ്യാപിക്കുന്നതോടെ ജോലികള്‍ നഷ്ടമാവുമെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ഉത്കണ്ഠയാണെന്നും ഇത്തരം ആശങ്കകള്‍ തള്ളിക്കളയേണ്ടതാണെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ ഇന്നലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യകള്‍ ഉടലെടുക്കുമ്പോള്‍ പുത്തന്‍ ജോലി സാധ്യതയും അതിനൊപ്പം ഉണ്ടാകുമെന്നതാണ് അനുഭവം.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറുടെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുന്നത് 1940കളില്‍ പുതിയ ടെക്‌നോളജി വന്നതോടെ അതുവരെ ഇല്ലാത്ത 60% ത്തോളം പുതിയ ജോലി സാധ്യതകളാണ് ഉണ്ടായതെന്നാണ്. ഇത് നാം മറന്നുകൂടാ. മനുഷ്യ ജീവിതത്തില്‍ തുടര്‍ച്ചയായിട്ടുള്ള പരിണാമങ്ങള്‍ ആണ് ജോലിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. 2000ത്തിനു മുന്‍പ് യൂട്യൂബ് ക്രിയേറ്റര്‍ എന്ന ഒരു ജോലിയെക്കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ദശലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബുമായി ബന്ധപ്പെട്ട് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ ചെറിയ ബിസിനസാണ് നടത്തുന്നതെങ്കിലും ജോലി ചെയ്യുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് ജോലി ലഭ്യമാക്കാനും ഇടയാക്കുന്നുണ്ട്. ഇന്ന് എല്ലാ മേഖലകളിലും സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ചെസ്സില്‍ നോക്കിയാല്‍പോലും ലോകത്തിലെ തന്നെ മികച്ച കളിക്കാരനായി നിര്‍മ്മിത ബുദ്ധി മാറിയിരിക്കുന്നു. ചെസ്സില്‍ നിര്‍മ്മിതബുദ്ധിക്ക് നിര്‍ണായക സ്ഥാനം കൈവന്ന വര്‍ത്തമാനകാലത്തും മുന്‍പുള്ളതിലും കൂടുതല്‍ ജനപ്രീതി വര്‍ദ്ധിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചെസ്സിലേക്ക് ആകൃഷ്ടരായി വരുന്നതുമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
പശ്ചാത്തല വികസനത്തിനും നിര്‍മ്മിത ബുദ്ധിക്കും ഇതര സാങ്കേതികമേഖലക്കും യുഎഇ നല്‍കുന്ന പ്രാധാന്യത്തെ പിച്ചെ പ്രശംസിച്ചു. നിര്‍മ്മിത ബുദ്ധിക്കും ഡിജിറ്റല്‍ ഇക്കണോമിക്കും റിമോട്ട് വര്‍ക്ക് അപ്ലിക്കേഷനുമായുള്ള യുഎഇ സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താനുമായുള്ള സംഭാഷണത്തിനിടയിലാണ് പിച്ചെയുടെ പുകഴ്ത്തല്‍. യുഎഇയുടെ ഈ മേഖലയിലെ പ്രവര്‍ത്തനം അനുകരണീയമാണെന്നും മറ്റുള്ള ലോകരാജ്യങ്ങളും ഈ പാത പിന്തുടരാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.