അബ്ദുല്‍റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/abdul-rahim_copy_1920x1054-780x470.avif)
റിയാദ്: നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. കേസില്‍ വിധി പറയുന്നത് തുടര്‍ച്ചയായ എട്ടാം തവണയാണ് കോടതി മാറ്റിവെക്കുന്നത്. 2006 ഡിസംബര്‍ 24ന് സ്‌പോണ്‍സറുടെ മകനായ അനസിനെ ഷോപ്പിങ്ങിനായി കൊണ്ടുപോയപ്പോള്‍ റഹീം ഓടിച്ച വാഹനത്തില്‍ വെച്ച് മരിച്ചതാണ് റഹീമിനെ ജയിലില്‍ എത്തിച്ചത്.
ഹൗസ് ഡ്രൈവറുടെ വിസയില്‍ സൗദിയിലെത്തിയ അബ്ദുല്‍റഹീം തന്റെ സ്‌പോണ്‍സറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹരിയുടെ അനസ് എന്ന കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. ചുവന്ന ട്രാഫിക് സിഗ്നല്‍ മറികടക്കാന്‍ സ്‌പോണ്‍സറുടെ മകന്‍ നിര്‍ബന്ധിക്കുകയും അതിന് കൂട്ടാക്കതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കിടുകയും ഇതിനിടെ അനസ് റഹീമിന്റെ മുഖത്ത് പലതവണ തുപ്പുകയും ചെയ്തതോടെ, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അനസിന്റെ കഴുത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ഇതോടെ ബോധരഹിതനായ അനസ് മരിക്കുകയും ചെയ്ത് കുറ്റത്തിനായിരുന്നു റഹീമിന് സഊദി കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ അനസിന്റെ ബന്ധുക്കള്‍ ചോരപ്പണം സ്വീകരിക്കാന്‍ തയാറായതോടെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ജയില്‍ മോചനത്തില്‍ എത്തിയത്. ഇന്ന് എന്തായാലും ജയിലിന് പുറത്തു കടക്കാന്‍ സാധിക്കുമെന്നായിരുന്നു അബ്ദുല്‍റഹീമിന്റെ ബന്ധുക്കളും നിയമസഹായ വേദിയും കരുതിയത്.