കോട്ടയം റാഗിംഗ്: ക്രൂരമായി പീഡിപ്പിച്ചത് പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്ന്

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിങ് നടന്നത് പിറന്നാൾ ചിലവിന്റെ പേരിലെന്ന് പോലീസ്. പിറന്നാൾ ആഘോഷിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് വിദ്യാർഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുൻപും ക്രൂരപീഡനം നടന്നതായി വിദ്യാർഥികൾ മൊഴി നൽകി.
പീഡനത്തിനിരയായ വിദ്യാർഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിംഗിലേക്ക് കാര്യങ്ങൾ പോയത്. മുൻപും മദ്യപിക്കുന്നതിന് വേണ്ടി ഇവർ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തി കഴുത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്.
റാഗിംഗിന് ഇരയായ വിദ്യാർഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാർഥികളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർഥികൾ മൊഴി നൽകിയതായി സൂചന. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ ഉള്ള പ്രതികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.