മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് പീഡിപ്പിച്ചു; 17കാരിക്ക് സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി

മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 17കാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്
പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണം. പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇത് സഹായിയുടെ ചുമതലയാണെന്നും കോടതി പറഞ്ഞു. സ്കൂൾ അധികൃതരും ഇക്കാര്യം ഉറപ്പ് വരുത്തണം
കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ രണ്ടാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഉത്തരവ് ഇറക്കണം. അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്തതോടെ കുട്ടിക്ക് ആശ്രയം മുത്തശ്ശി ആയിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന മുത്തശ്ശിയുടെ രണ്ടാനച്ഛൻ ആറാം ക്ലാസ് മുതൽ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു
ഭയത്തെ തുടർന്ന് പെൺകുട്ടി ഇതാരോടും പറഞ്ഞിരുന്നില്ല. എന്നാൽ നിരന്തര ചൂഷണം മടുത്ത പെൺകുട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വട്ടിയൂർക്കാവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ജാമ്യാപേക്ഷ നൽകിയപ്പോഴാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
തെറ്റിദ്ധാരണയെ തുടർന്നാണ് കുട്ടി പരാതി നൽകിയതെന്നും ഇപ്പോൾ പരാതി ഇല്ലെന്നും മുത്തശ്ശി സത്യവാങ്മൂലം നൽകി. ഇത് കുട്ടി നിഷേധിച്ചിരുന്നുമില്ല. മുത്തശ്ശിയും കുട്ടിയും ജീവിക്കാനായി ഇപ്പോഴും ഹർജിക്കാരനെയാണ് ആശ്രയിക്കുന്നതെന്നും കോടതി കണ്ടെത്തി. തുടർന്ന് പ്രതിക്ക് കോടതി ജാമ്യം നൽകി. ഇതോടൊപ്പമാണ് കുട്ടിയ്ക്ക് സഹായിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടത്.