പോത്തുണ്ടി ഇരട്ടക്കൊലപാതകം: ചെന്താമരയെ പേടിച്ച് നാല് പേർ മൊഴി മാറ്റി, എട്ട് പേരുടെ രഹസ്യമൊഴിയെടുക്കും

പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ നാല് പേർ മൊഴി മാറ്റി. പ്രതി ചെന്താമരക്കെതിരെ നേരത്തെ നൽകിയ മൊഴിയാണ് നാല് പേർ മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാവിയിൽ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതകം നടത്തിയ ശേഷം കടന്ന് കളയുന്നത് കണ്ടെന്നും മൊഴി നൽകിയവരാണ് മാറ്റി പറഞ്ഞത്. 8 പേരുടെ രഹസ്യ മൊഴിയാണ് ഭാവിയിൽ മൊഴി മാറ്റാനുള്ള സാധ്യത കാരണം രേഖപ്പെടുത്തുക.
ചെന്താമരയുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന പുഷ്പ എന്ന പ്രദേശവാസിയാണ് നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചു നിന്നത്. പുഷ്പയെ കൊലപ്പെടുത്താൻ സാധിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്നടക്കം ചെന്താമര പിന്നീട് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തെ മൊഴിമാറ്റിയത് ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.