പുല്‍വാമ രക്തസാക്ഷിയുടെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളും കഴിയുന്നത് വാടകവീട്ടില്‍; സര്‍ക്കാര്‍ സഹായം ഇനിയും അകലെ

ഭഗല്‍പൂര്‍(ബിഹാര്‍): കൃത്യം ആറ് വര്‍ഷം മുമ്പ് ഫെബ്രുവരി പതിനാലിന് ഉച്ചയ്ക്ക് ശേഷമാണ് സിആര്‍പിഎഫ് ജവാന്‍ രത്തന്‍ താക്കൂര്‍ ഭാര്യ രാജ്‌നന്ദിനിയെ ഫോണില്‍ വിളിച്ചത്. താന്‍ ശ്രീനഗറിലേക്ക് പോകുകയാണെന്നും അവിടെയെത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞ് വച്ച ആ ഫോണിലേക്ക് പിന്നെ ഒരിക്കല്‍ പോലും രത്തന്‍റെ വിളി എത്തിയിട്ടില്ല. ഭര്‍ത്താവിന്‍റെ ഫോണ്‍കോളും കാത്തിരുന്ന രാജ്‌നന്ദിനിക്കും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വ വാര്‍ത്തയാണ് പിന്നീട് കേള്‍ക്കേണ്ടി വന്നത്.
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ അദ്ദേഹവും മറ്റ് 39 സൈനികരും വീരമൃത്യു വരിച്ചെന്ന വാര്‍ത്ത. ഗര്‍ഭിണിയായിരുന്ന രാജ്‌നന്ദിനിയുടെ കാല്‍ചുവട്ടിലെ മണ്ണ് അപ്പാടെ ഇല്ലാതാക്കുന്ന വാര്‍ത്ത ആയിരുന്നു അത്. ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ജീവിതം അപ്പാടെ ഇല്ലാതായിപ്പോയി. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുമ്പോഴും രത്തന്‍ എല്ലാ ദിവസവും വൈകിട്ട് ഭാര്യയെ വിളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
അവളുടെ ആരോഗ്യകാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തുകയും ചെയ്‌തിരുന്നു. എല്ലാം ഒറ്റ നിമിഷം കൊണ്ടാണ് അവസാനിച്ചത്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുന്നത്. അന്നും അതേ സമയത്ത് വിളിച്ചു. ശ്രീനഗറിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ അദ്ദേഹം ഹോളിക്ക് വീട്ടിലെത്താമെന്ന വാഗ്‌ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇതും പാലിക്കാന്‍ രത്തന് സാധിച്ചില്ല.
രത്തന്‍റെയും രാജ്‌നന്ദിനിയുടെയും മൂത്തമകന്‍ കൃഷ്‌ണന് അന്ന് നാല് വയസാണ് പ്രായം. പിതാവിന്‍റെ ചിതയ്ക്ക് തീകൊളുത്തിയത് ആ നാലുവയസുകാരനായിരുന്നു. ഇപ്പോള്‍ പത്ത് വയസുള്ള കൃഷ്‌ണയ്ക്ക് പിതാവിനെ പോലെ സൈനികനാകാനാണ് ആഗ്രഹം.
പുൽവാമ ഭീകരാക്രമണം
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ -ഇ -മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്‌ടമായത്. ദക്ഷിണ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ 2019 ഫെബ്രുവരി പതിനാലിന് ഒരു ചാവേര്‍ സ്ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം സൈനികരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. നാല്‍പ്പത് ജവാന്‍മാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ വീരമൃത്യു വരിച്ചു.
2011ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ഭഗല്‍പ്പൂരിലെ ഖല്‍ഗാവില്‍ നിന്നുള്ള രത്തന്‍ താക്കൂറും ഈ രക്തസാക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ആക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള ഹെഡ്‌കോണ്‍സ്റ്റബിള്‍ സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും ജീവന്‍ നഷ്‌ടമായി. പട്‌നയിലെ തരേഗാന സ്വദേശി ആയിരുന്നു ഇദ്ദേഹം.
പുല്‍വാമ ആക്രമണം നടന്ന് ആറ് വര്‍ഷം പിന്നീടുമ്പോഴും ഈ രക്തസാക്ഷികളുടെ കുടുംബത്തിന്‍റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈ ധീരരക്തസാക്ഷികള്‍ക്ക് രാജ്യം ഇന്ന് ആദരം അര്‍പ്പിക്കുകയാണ്.
കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ വിളി
തന്‍റെ മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ നിമിഷം ഓര്‍ത്തെടുക്കുകയാണ് കണ്ണീരോടെ രത്തന്‍റെ പിതാവ് രാം നിരഞ്ജന്‍ താക്കൂര്‍. ഇന്നും അന്നത്തെ അതേ വേദനയോടെ അദ്ദേഹം പൊട്ടിക്കരയുന്നു.
കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ ഫോണ്‍ കോളില്‍ രത്തന് വേറെ നമ്പരുണ്ടോയെന്ന ചോദ്യമായിരുന്നു ആദ്യം. രത്തന്‍ ഉപയോഗിച്ച് കൊണ്ടിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. ദുരന്തങ്ങളുണ്ടാകുമ്പോഴാണ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഇത്തരം കോളുകള്‍ വരുന്നത്. അത് കൊണ്ട് തന്നെ തന്‍റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.
എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് താന്‍ ആവര്‍ത്തിച്ച് ചോദിച്ചു. എന്നാല്‍ യാതൊരു വിവരങ്ങളും അവര്‍ പങ്കുവച്ചില്ല. എന്നാല്‍ പിന്നീട് ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് തന്‍റെ മകന്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായെന്ന വിവരമറിയുന്നത്. പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ മകന്‍ ഇനിയില്ലെന്ന് സ്ഥിരീകരിച്ചുള്ള വിളിയെത്തിയെന്നും ആ പിതാവ് നെഞ്ചകം പിളരുന്ന വേദനയോടെ പറഞ്ഞു നിര്‍ത്തി.
സര്‍ക്കാര്‍ സഹായം ഇനിയും അകലെ
തങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നും തങ്ങള്‍ ഭഗല്‍പൂരിലെ ഒരു അഴുക്കുചാലിന് സമീപമുള്ള വാടക വീട്ടിലാണ് കഴിയുന്നത്. എല്ലാക്കൊല്ലവും രത്തന് ജന്മനാട് ആദമര്‍പ്പിക്കാറുണ്ട്. എന്നാല്‍ അത് കുടുംബത്തിന്‍റെ ചെലവിലാണ്.
ബിഹാര്‍ സര്‍ക്കാരും പ്രാദേശിക ജനപ്രതിനിധികളുമെല്ലാം തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ പാലിച്ചിട്ടില്ല. തന്‍റെ പേരക്കിടാങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനോ ആരോഗ്യപരിരക്ഷയ്‌ക്കോ ഉള്ള യാതൊരു സഹായവും ഇതുവരെയും ലഭിച്ചിട്ടില്ല. പത്ത് വയസുകാരനായ കൃഷ്‌ണയെയും അഞ്ച് വയസുള്ള രാം ചരിതിനെയും വളര്‍ത്തി ഭര്‍ത്താവിന്‍റെ ഓര്‍മ്മകളില്‍ കഴിയുന്ന രാജ്‌നന്ദിനിക്ക് അദ്ദേഹത്തിനോടുള്ള ആദരവായി ഒരു സ്‌മാരകം വേണമെന്നതാണ് ആവശ്യം. ഇത് ജില്ലാ ഭരണകൂടത്തിന്‍റെ മുമ്പില്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്.