കോട്ടയത്തെ റാഗിംഗ്: പ്രതികളായ വിദ്യാർഥികളുടെ മുറിയിൽ നിന്ന് കത്തിയും കരിങ്കൽ കഷ്ണങ്ങളും കണ്ടെത്തി

കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കോളേജ് ഹോസ്റ്റലിലും കോളേജിലും പോലീസ് പരിശോധന നടത്തുന്നത് തുടരുന്നു. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും കണ്ടെത്തി. വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം റാഗിംഗിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് മുമ്പ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം
കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പൽ എംടി സുലേഖയെയും അസി. വാർഡൻ അജീഷ് പി മാണിയെയും സസ്പെൻഡ് ചെയ്തു.