മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്ക്; വണ്ടിപ്പെരിയാറിൽ രണ്ട് കുട്ടികൾക്കും കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വ്യാപകമാകുന്നു. മലപ്പുറം പുത്തനങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. മഞ്ചുമല സ്വദേശി സഞ്ജിനി, വള്ളക്കടവ് സ്വദേശി നിഹ എന്നിവർക്കാണ് പരുക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷനിലെ റോഡരികിൽ കളിച്ചു കൊണ്ടിരിക്കെയാണ് മൂന്ന് വയസുകാരി സഞ്ജിനിക്ക് കടിയേറ്റത്.
മിനി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് അഞ്ച് വയസുകാരി നിഹക്ക് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സഞ്ജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.