
അബുദാബി: മധ്യപൂര്‍വദേശത്തെ പ്രതിസന്ധിയായ ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ദ്വിരാഷ്ട്രം എന്ന സിദ്ധാന്തം മാത്രമേ പ്രാവര്‍ത്തികമാവുകയുള്ളൂവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. മേഖലയില്‍ ഇതിലൂടെ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാവുവെന്നും ശൈഖ് മുഹമ്മദ് ഊന്നിപറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ടെലിഫോണില്‍ മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യവേയാണ് യുഎഇ പ്രസിഡന്റ് തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മധ്യപൂര്‍വദേശത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ഈ ഒരൊറ്റ മാര്‍ഗം മാത്രമേ ശാശ്വതമായി ഉള്ളൂവെന്നും യുഎഇ പ്രസിഡന്റ് ഓര്‍മിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇസ്രായേലിനെയും ഹമാസിനെയും വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. ഇരു നേതാക്കളും മേഖലാ വിഷയങ്ങള്‍ക്കൊപ്പം രാജ്യാന്തര വിഷയങ്ങളും പരസ്പരം താല്‍പര്യമുള്ള മറ്റ് കാര്യങ്ങളും ചര്‍ച്ചചെയ്‌തെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.