DubaiGulf

റെയിൽബസ് കൊണ്ടുവരുന്നത് ഗതാഗത വിപ്ലവം; വിവിധ ഇടങ്ങളിലെ ഉൾപ്രദേശങ്ങളിലേക്കും റൂട്ട്

യുഎഇ സർക്കാർ പുതുതായി അവതരിപ്പിക്കുന്ന ഗതാഗത സംവിധാനമായ റെയിൽബസിന് ഉൾപ്രദേശങ്ങളിലേക്കും റൂട്ട്. അതുകൊണ്ട് തന്നെ രാജ്യത്തിൻ്റെ ഗതാഗത സംവിധാനത്തിൽ റെയിൽബസ് ഒരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം 11നാണ് റെയിൽ ബസ് എന്ന പുതിയ ഗതാഗത സംവിധാനം പ്രഖ്യാപിച്ചത്.

ദുബായ് മെട്രോയും ദുബായ് ട്രാമും എത്തിയിട്ടില്ലാത്ത ഇടങ്ങളിലേക്കെത്താനാണ് റെയിൽബസ് കൊണ്ട് ശ്രമിക്കുന്നതെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി റെയിൽ പ്ലാനിങ് ആൻഡ് പ്രൊജക്ട്സ് ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ മാലിക് റമദാൻ മിഷ്മിഷ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കരാമ, അൽ ബർഷ, ദെയ്റ തുടങ്ങിയ ഇടങ്ങളിൽ മെട്രോ റെയിൽ എത്തിപ്പെടാത്തയിടങ്ങളിലൊക്കെ റെയിൽബസ് സർവീസ് എത്തും. റെയിൽബസിന് പ്രത്യേകമായി ഒരു നെറ്റ്‌വർക്ക് ഉണ്ടാവും. ആളുകൾക്ക് ഇരിക്കാനും നിൽക്കാനുമൊക്കെ കഴിയുന്ന തരത്തിൽ സ്ഥലസൗകര്യങ്ങളാണ് റെയിൽബസിൽ ഉണ്ടാവുക. ആളുകളെ ഇവിടങ്ങളിൽ നിന്നൊക്കെ മെട്രോ സ്റ്റേഷനുകളിൽ എത്തിക്കലാണ് റെയിൽബസിൻ്റെ ധർമ്മമെന്നും അദ്ദേഹം പറഞ്ഞു.

“റെയിൽബസിന് ശബ്ദം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ റെയിൽബസിൻ്റെ ഓട്ടം ആളുകളെ ബുദ്ധിമുട്ടിക്കില്ല. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് റെയിൽബസ് അവതരിപ്പിച്ചത്. റെയിൽവേയുടെ സൗകര്യങ്ങൾ ഒരു ബസിൻ്റെ സൗകര്യങ്ങളുമായി കൂട്ടിയിണക്കുകയായിരുന്നു. മെട്രോയ്ക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലൊക്കെ റെയിൽബസ് എത്തും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

മുഴുവനായും ത്രീഡി പ്രിൻ്റ് ചെയ്ത വാഹനമാണ് റെയിൽബസ്. റീസൈക്കിൾ പദാർത്ഥങ്ങളിൽ നിന്നാണ് റെയിൽബസ് പൂർണമായും നിർമ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ പൊതുഗതാഗത സംവിധാനമായി റെയിൽബസ് അവതരിപ്പിക്കുകയാണെന്ന് ആർടിഎ പ്രഖ്യാപിച്ചത്. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനമാണ് റെയിൽബസ്. സൂര്യപ്രകാശത്തിലാണ് പ്രവർത്തനം. വാഹനത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്. വേൾഡ് ഗവണ്മെൻ്റ് സമ്മിറ്റിൽ വച്ചാണ് റെയിൽബസിൻ്റെ പ്രഖ്യാപനമുണ്ടായത്. മദീന ജുമൈറയിലെ സമ്മിറ്റിൽ റെയിൽബസിൻ്റെ മാതൃക പ്രദർശിപ്പിച്ചിരുന്നു.

കറുപ്പ്, സ്വർണനിറങ്ങളിലാണ് വാഹനത്തിൻ്റെ പുറംഭാഗമുള്ളത്. രണ്ട് നിരയിലായി വാഹനത്തിലെ സീറ്റുകൾ ഒരുക്കിയിരിക്കുന്നു. ഓറഞ്ച് നിറത്തിലാണ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഈ സീറ്റുകൾക്കിടയിൽ അംഗപരിമിതർക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്ഥലമുണ്ട്. ആകെ 22 സീറ്റുകൾ റെയിൽബസിലുണ്ടാവും. ഒരു സമയം 40 പേർക്ക് വാഹനത്തിൽ സഞ്ചരിക്കാനാവുമെന്നും അധികൃതർ അറിയിച്ചു. സീറ്റുകൾക്ക് മുകളിൽ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് യാത്രയുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് അറിയാനാവും. അടുത്ത സ്റ്റോപ്പ് ഏതാണെന്നും കാലാവസ്ഥ എങ്ങനെയാണെന്നുമൊക്കെ സ്ക്രീനിൽ നിന്ന് അറിയാനാവും. യാത്രക്കാർക്കുള്ള സുരക്ഷാനിർദ്ദേശങ്ങൾ വാഹനത്തിൻ്റെ ഇരുവശങ്ങളിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!