ചാര്‍ജ് ചെയ്യാന്‍വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തിനശിച്ചു

മംഗളൂരു: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. മംഗളൂരു കര്‍ക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം. കിഷോര്‍ കുമാര്‍ ഷെട്ടി എന്നയാളുടെ വീടാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ചാര്‍ജ് ചെയ്യാന്‍ കുത്തിവെച്ച് സോഫയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു.
വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ എത്തി. രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആ സമയത്ത് സ്വിച്ച് ഓണ്‍ ചെയ്തിരുന്ന എയര്‍ കണ്ടീഷണറാണ് തീ വേഗത്തില്‍ പടരാന്‍ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വീട്ടുടമസ്ഥന് കിഷോര്‍ കുമാര്‍ ഷെട്ടിക്ക് നിസാര പരിക്കേറ്റു. സ്റ്റേഷന് ഓഫീസര്‍ ആല്‍ബര്‍ട്ട് മോനിസ്, പ്രാദേശിക നേതാവ് ഹരിപ്രസാദ് ഷെട്ടിഗര്‍, ഡ്രൈവര്‍ ജയ മൂല്യ, രവിചന്ദ്ര എന്നിവര്‍ തീയണയ്ക്കല്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.