പത്ത് നാൽപത് കൊല്ലമായി പൊതുപ്രവർത്തകനല്ലേ; പിസി ജോർജിനെതിരെ വിമർശനവുമായി ഹൈക്കോടതി

മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ ബിജെപി നേതാവ് പിസി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നിവയടക്കം മുമ്പ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പിസി ജോർജ് നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി
പിസി ജോർജ് പത്ത് നാൽപത് കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ. അത്തരമൊരാൾ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും
എന്നാൽ ചാനൽ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണെന്ന് പിസി ജോർജ് വാദിച്ചു. അപ്പോൾ തന്നെ മാപ്പും പറഞ്ഞു. മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു. എന്നാൽ പിസി ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.