ഗതാഗത നിയമം കാറ്റില്‍പറത്തി പൊലീസ്; ഡിജിപിയുടെ പേരില്‍ എത്തിയത് നാലായിരത്തോളം നിയമലംഘനങ്ങൾ

ഇടുക്കി: നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഓർമിപ്പിക്കുകയാണ് നഗരത്തിലെ ക്യാമറക്കണ്ണുകള്‍. അതിപ്പോ പൊലീസായാലും നിയമ ലംഘനം നിയമ ലംഘനം തന്നെയാണ്. നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് നിർദേശങ്ങള്‍ കാറ്റില്‍പറത്തിയുള്ള കേരളാ പൊലീസിൻ്റെ യാത്രകള്‍. സീറ്റ്ബെൽറ്റ്, അമിതവേഗം, സിഗ്നൽ തെറ്റിക്കൽ എന്നിങ്ങനെ നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയിരിക്കുന്നത്.
മുൻപ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിയമ ലംഘനങ്ങള്‍ക്ക് പിഴയിട്ടിരുന്നത്. അതിനാൽ തന്നെ പെറ്റിയിൽ നിന്ന് പൊലീസുകാർക്ക് രക്ഷപ്പെടാനും പറ്റിയിരുന്നു. എന്നാൽ എഐ ക്യാമറകള്‍ വന്നേപ്പിന്നെ പൊലീസെന്നോ പൊതുജനമെന്നോ ഇല്ല. പൊലീസ് വാഹനങ്ങളെല്ലാം ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനാൽ ഇത്രയധികം നോട്ടീസുകളും എത്തിയത് പൊലീസ് ആസ്ഥാനത്തേക്കാണ്. അതോടെ പൊലീസ് ആസ്ഥാനം പെറ്റികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
നിയമലംഘനങ്ങളുടെ ഒരു പരമ്പര തീർത്ത പൊലീസുകാര്‍ക്ക് നേരത്തെ തന്നെ ഡിജിപി താക്കീത് നൽകിയെങ്കിലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ പൊലീസ്. നിർദേശം നൽകിയ ശേഷം മാത്രം 3988 നോട്ടീസുകളാണ് മോട്ടോർ വാഹനവകുപ്പ് പൊലീസിന് അയച്ചത്.
എന്തായാലും ഔദ്യോഗിക യാത്രകള്‍ക്ക് സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകില്ലെന്ന ഉദ്യോഗസ്ഥരുടെ ശാഠ്യത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവിമാർ. ഈ ലക്ഷകണക്കിന് വരുന്ന പിഴത്തുകയിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നതാണ് നിർണായകം.