പിതാവിന്റെ ചികിത്സയ്ക്ക് പണം വാഗ്ദാനം ചെയ്ത് പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരെ പരാതി: കേസെടുത്ത് പോലീസ്

കോഴിക്കോട്: സഹായം വാഗ്ദാനം ചെയ്ത് പീഡനശ്രമമെന്ന് പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശരീരത്തിൽ കടന്ന് പിടിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി പറയുന്നു
പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സ ചിലവായി ഒന്നര ലക്ഷം രൂപ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അത് അടയ്ക്കാൻ സാധിക്കാത്തതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.
ഇതോടെയാണ് പെൺകുട്ടി ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപ സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്നതിനിടെയിൽ വയനാട്ടിൽ പോയി റൂം എടുക്കാമെന്ന് ഇയാൾ പറഞ്ഞു. ഇതിനിടെ കടന്നുപിടിച്ചെന്നും പെൺകുട്ടി പറഞ്ഞു. ആശുപത്രിയിൽ തിരിച്ചെത്തിയ ഇയാൾ ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. എന്നാൽ ഇത് എതിർത്തതോടെ പണം തരില്ലെന്ന് ഇയാൾ പറയുകയായിരുന്നു.
ഇയാളുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. ബിഎൻഎസ് 75,78 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടക്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്.ഇതിനിടെ സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഉൾപ്പെടെയുള്ളവർ ചേർന്ന് പണം അടച്ച് പിതാവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.