
ദോഹ: ഖത്തര്‍ ഭരണാധികാരിയായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശര്‍ത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് തമീം മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ഡല്‍ഹിയില്‍ എത്തുന്നത്. 18ന് രാഷ്ട്രപതി ഭവനില്‍ ഖത്തര്‍ ഭരണാധികാരിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും വിവിധ വകുപ്പുകളുടെ ചുമതലകളുള്ള കേന്ദ്ര മന്ത്രിമാരുമായും ഖത്തര്‍ സംഘം കൂടിക്കാഴ്ചകള്‍ നടത്തും.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ജാസിം അല്‍ത്താനിയും ഖത്തര്‍ ഭരണാധികാരിക്കൊപ്പം ഇന്ത്യയിലേക്ക് എത്തും. ഖത്തറിലെ വാണിജ്യ-വ്യവസായ-വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. ഖത്തറിന്റെ ഭരണമേറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് ശൈഖ് തമീം എത്തുന്നത്. 2015 മാര്‍ച്ചില്‍ ആയിരുന്നു ഖത്തര്‍ ഭരണാധികാരി ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്.