നരഭോജി പോസ്റ്റ് പിൻവലിച്ച് ശശി തരൂർ; അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നേതൃത്വം

പെരിയ ഇരട്ടക്കൊലയിലെ പോസ്റ്റ് പിൻവലിച്ച ശശി തരൂരിന്റെ നടപടി തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്ന് സംസ്ഥാന നേതാക്കൾ. ലേഖന വിഷയത്തിൽ കെപിസിസി അധ്യക്ഷൻ സംസാരിച്ചതിന് ശേഷം വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കുന്ന തരൂരിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു
തരൂരിന്റെ ലേഖനം സംബന്ധിച്ച വിവാദം ഒരുവിധം അടങ്ങുമ്പോഴാണ് അടുത്ത പ്രതിസന്ധി. സിപിഎമ്മിനെ നരഭോജിയായി വിശേഷിപ്പിച്ച് കെപിസിസി തയ്യാറാക്കിയ പോസ്റ്റ് ഷെയർ ചെയ്ത ശേഷം തരൂർ പിന്നീട് പിൻവലിച്ചിരുന്നു. ലേഖന വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് കെ സുധാകരൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തരൂരിന്റെ അപ്രതീക്ഷിത നീക്കം
ഇനി തരൂരുമായി സമവായ ചർച്ചക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം പറയുന്നു. പ്രവർത്തകരുടെ വികാരത്തെ പോലും മാനിക്കാത്ത രീതി തരൂർ സ്വീകരിച്ചു. ഇനി ഹൈക്കമാൻഡ് കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് നേതാക്കൾ