സീനിയർ വിദ്യാർഥികൾ മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിച്ചു; കാര്യവട്ടം കോളേജിലെ റാഗിംഗ് വിവരിച്ച് വിദ്യാർഥി

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജിൽ നേരിട്ട റാഗിംഗിനെ കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർഥി. തന്നെ മർദിച്ചത് ക്യാമ്പസിലെ എസ് എഫ് ഐ പ്രവർത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാർഥിയായ ബിൻസ് പറഞ്ഞു. യൂണിറ്റ് മുറിയിൽ കൊണ്ടുപോയി മുട്ടുകാലിൽ നിർത്തി. ഏഴോ എട്ടോ പേർ ചേർന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെൽറ്റ് കൊണ്ടടക്കം മർദിച്ചെന്നും വിദ്യാർഥി പറഞ്ഞു
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയർ വിദ്യാർഥികൾ തന്നെ മർദിച്ചത്. എന്തിനാണ് തങ്ങളെ നോക്കുന്നതെന്ന് ചോദിച്ചായിരുന്നു മർദനം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടപ്പോൾ തന്നെ മാത്രം യൂണിറ്റ് റൂമിലേക്ക് കൊണ്ടുവന്ന് മർദിച്ചു
ഇനി കോളേജിൽ കയറിയാൽ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. മർദനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും വിദ്യാർഥി പറഞ്ഞു. സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർ റാഗിംഗ് നടത്തിയെന്നാണ് പരാതി.